കണ്ണൂർ വിമാനത്താവളത്തിൽനിന്ന് 56.35 ലക്ഷത്തിന്റെ സ്വർണം പിടികൂടി
Tuesday, January 28, 2020 12:53 AM IST
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 56.35 ലക്ഷത്തിന്റെ സ്വർണം പിടികൂടി. രണ്ടു പേർ പിടിയിലായി. ഇന്നലെ രാവിലെ ദുബായ്, അബുദാബി എന്നിവിടങ്ങളിൽനിന്നെത്തിയ ഗോ എയർ വിമാന യാത്രക്കാരും കാസർഗോഡ് സ്വദേശികളുമായ ദാവൂദ്, ഷാഹുൽ ഹമീദ് എന്നിവരിൽനിന്നാണ് ഒരുകിലോ 400 ഗ്രാം തൂക്കം വരുന്ന സ്വർണം പിടികൂടിയത്.
അബുദാബിയിൽനിന്നെത്തിയ ഷാഹുൽ ഹമീദിൽനിന്ന് 700 ഗ്രാമും ദുബായിൽനിന്നെത്തിയ ദാവൂദിൽനിന്ന് 700 ഗ്രാമും തൂക്കം വരുന്ന സ്വർണമാണു പിടികൂടിയത്. സ്പ്രേ കുപ്പിക്കകത്തും ബ്ലഡ് പ്രഷർ മോണിറ്ററിംഗ് വാച്ചിലുമായാണു സ്വർണം കടത്തിയത്. കസ്റ്റംസ് അസി.കമ്മീഷണർ മധുസൂദനൻ ഭട്ടിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സംശയം തോന്നിയ യുവാക്കളെ കസ്റ്റഡിയിലെടുത്തു പരിശോധിച്ചപ്പോഴാണു സ്വർണം കണ്ടെത്തിയത്. സ്വർണ ബിസ്ക്കറ്റുകളായും ചെറിയ കഷണങ്ങളാക്കിയും ഒളിപ്പിച്ചുവച്ച നിലയിലുമായിരുന്നു.