വികസന സംരംഭങ്ങൾ കേരളത്തിന് അർഹിക്കുന്ന അംഗീകാരം ലഭ്യമാക്കി: ഗവർണർ
Tuesday, January 28, 2020 12:54 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള വികസന സംരംഭങ്ങൾ കേരളത്തിന് അർഹിക്കുന്ന അംഗീകാരം കൊണ്ടുവന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ റിപബ്ളിക്ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
യുഎന്നിന്റെയും നീതി ആയോഗിന്റെയും സുസ്ഥിര വികസനത്തിന്റെയും നീതി ആയോഗിന്റെ ആരോഗ്യ പൊതുവിദ്യാഭ്യാസ മേഖലയിലെയും സൂചികകളിൽ ഒന്നാമതായ കേരളം ലിംഗ സമത്വത്തിലും ക്ഷേമത്തിലും രാജ്യത്തിനു തന്നെ മാതൃകയാണ്. ഇവയെല്ലാം കേരളത്തിന്റെ പുരോഗതിക്ക് ഉദാഹരണങ്ങളാണ്.
കേരളത്തിന്റെ നേട്ടങ്ങളുടെ കരുത്ത് അനുഭവിച്ചറിഞ്ഞത് കഴിഞ്ഞ രണ്ടു തവണയുണ്ടായ പ്രളയ മണ്ണിടിച്ചിൽ ദുരന്ത വേളകളിലാണ്. അവയെല്ലാം കേരള സമൂഹം ഒറ്റക്കെട്ടായി തരണം ചെയ്തു. ദുരന്തങ്ങളിൽ നഷ്ടപ്പെട്ട പുരോഗതിയും പ്രതാപവും തിരികെ നേടാൻ റീബിൽഡ് കേരള പദ്ധതി ജനങ്ങളെ സഹായിക്കുന്നു. സാന്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തിലും കേരളം മുന്നോട്ടാണ്.ആരോഗ്യ മേഖലയിൽ കേരളം കൈവരിച്ച നേട്ടവും ഇ ഹെൽത്ത് പദ്ധതിയും പ്രത്യേക പരാമർശം അർഹിക്കുന്നതായി ഗവർണർ പറഞ്ഞു.
പ്രൗഢഗംഭീരമായ റിപ്പബ്ളിക് ദിനാഘോഷത്തിൽ ഗവർണർ അഭിവാദ്യം സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, എംപിമാർ, എംഎൽഎമാർ, ചീഫ് സെക്രട്ടറി ടോം ജോസ്, യുഎഇ കോണ്‍സൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി, ജർമൻ ഓണററി കോണ്‍സൽ ഡോ. സയിദ് ഇബ്രാഹിം, മാലിദ്വീപ് കോണ്‍സൽ തേർഡ് സെക്രട്ടറി അബ്ദുൾ ലത്തീഫ് അലി, സായുധ സേന ഉദ്യോഗസ്ഥർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, മറ്റ് ഉന്നതഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.രാവിലെ 8.30ന് ഗവർണർ പതാക ഉയർത്തിയപ്പോൾ വ്യോമസേന ഹെലികോപ്റ്റർ പുഷ്പവൃഷ്ടി നടത്തി.