മനുഷ്യമഹാശൃംഖലയിൽ പങ്കെടുത്ത ലീഗ് നേതാവിനു സസ്പെന്ഷന്
Wednesday, January 29, 2020 12:20 AM IST
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരേ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യമഹാശൃംഖലയിൽ പങ്കെടുത്ത മുസ്ലിംലീഗ് പ്രാദേശിക നേതാവിന് സസ്പെന്ഷന്. കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ്പ്രസിഡന്റ് കെ.എം. ബഷീറിനെയാണ് സസ്പെൻഡ് ചെയ്തത്.
മനുഷ്യശൃംഖലയില്‍ പങ്കെടുത്തതിന് പുറമേ മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ചും കോണ്‍ഗ്രസിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചും ബഷീർ പരസ്യപ്രസ്താവന നടത്തിയിരുന്നു. ചാനലുകളിൽ പരസ്യമായി കോണ്‍ഗ്രസിനെയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെയും വിമര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് നടപടി.
അന്വേഷണ വിധേയമായാണ് സസ്പന്ഷനെന്നും നേതാക്കള്‍ക്കെതിരേ പരസ്യപ്രസ്താവന നടത്തിയത് ഗുരുതര വീഴചയാണെന്നുമാണ് ലീഗ് ജില്ലാ നേതൃത്വം വിശദീകരിച്ചത്. തിങ്കളാഴ്ച രാത്രി കോഴിക്കോട് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് നടപടി.
ഭരണഘടന നഷ്ടപ്പെടുത്തുന്ന തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ നീങ്ങുമ്പോള്‍ അതിനെതിരെയു ള്ള പ്രതിഷേധത്തില്‍ പൗരനെന്ന നിലയിലാണ് പങ്കെടുത്തതെന്ന് ബഷീർ പറഞ്ഞു.
പങ്കെടുക്കരുതെന്ന് സ്വന്തം പാർട്ടിയായ മുസ്ലിം ലീഗ് പറഞ്ഞിട്ടും പങ്കെടുത്തതിനാല്‍ ഒറ്റപ്പെടുമോ എന്ന ചോദ്യത്തിന്, പൗരത്വനിയമഭേദഗതിക്കെതിരേ പ്രതിഷേധിക്കുക എന്നത് രാജ്യത്ത് ജീവിക്കുന്ന, ജനിച്ച് വളര്‍ന്ന നാട്ടില്‍ മരിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു പൗരന്റെ കടമയാണെന്നും മുസ്ലിം സമൂഹം ഒരു നിയമത്താല്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ താൻ ഒറ്റപ്പെടുന്ന വിഷയമില്ലെന്നും ബഷീർ അഭിപ്രായ
പ്പെട്ടു.