സർക്കാരിന്റെ ആത്മാർഥത ചോദ്യം ചെയ്യപ്പെടും: ഉമ്മൻ ചാണ്ടി
Wednesday, January 29, 2020 12:20 AM IST
തിരുവനന്തപുരം: ഗവർണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ അവതരിപ്പിക്കുന്ന പ്രമേയത്തെ എതിർക്കാനാണ് സർക്കാരിന്റെ തീരുമാനമെങ്കിൽ അത് അങ്ങേയറ്റം നിർഭാഗ്യകരമെന്നു കോണ്ഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി.
എല്ലാ എംഎൽഎമാരും ചേർന്ന് നിയമസഭയിൽ പാസാക്കിയ പ്രമേയത്തെ ഗവർണർ ആക്ഷേപിച്ചശേഷം അതിൽ ഇതുവരെ ഖേദം പ്രകടിപ്പിക്കുകയോ പിൻവലിക്കുകയോ ചെയ്തിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും പ്രീതിപ്പെടുത്താൻ അദ്ദേഹം ഗവർണർ പദവിയുടെ അന്തസ് കളഞ്ഞുകുളിച്ച് ഓടിനടന്നാണ് നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരേ പ്രചാരണം നടത്തുന്നത്. അതുകൊണ്ട് ഒരു കാരണവശാലും ഗവർണറുമായി സഹകരിക്കാൻ കഴിയില്ലെന്ന് ഉമ്മൻ ചാണ്ടി അറിയിച്ചു.