മർദനമേറ്റ മൂന്നു വയസുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടു
Monday, February 17, 2020 1:22 AM IST
അന്പലപ്പുഴ: അമ്മയുടെ കാമുകൻ മർദിച്ച മൂന്നു വയസുകാരന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. അന്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം പുതുവൽ മോനിഷയുടെ മകൻ വിശാഖാണ് ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലുള്ളത്.
ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്ന കുട്ടിയെ ശിശുരോഗ സർജറി വിഭാഗം മേധാവി ഡോ. സാം വർക്കിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണു ചികിത്സിക്കുന്നത്. ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നു ഡോക്ടർമാർ അറിയിച്ചു. കുട്ടിയെ ഇന്നു എംആർഐ സ്കാനിംഗിനു വിധേയമാക്കും. കുട്ടിയുടെ ആരോഗ്യനില വിലയിരുത്താൻ ഇന്നു മെഡിക്കൽ ബോർഡ് കൂടും.
മോനിഷയുടെ അമ്മയാണ് കുട്ടിക്കൊപ്പം ഐസിയുവിൽ ഉള്ളത്. ചൈൽഡ് വെൽഫെയറിന്റെ മേൽനോട്ടത്തിൽ കുട്ടിയെ പരിചരിക്കാൻ ഒരു അങ്കണവാടി ജീവനക്കാരിയെയും നിയോഗിച്ചിട്ടുണ്ട്. മോനിഷയെയും കാമുകൻ വൈശാഖിനെയും കഴിഞ്ഞ രാത്രിയിൽ ചേർത്തല കോടതി റിമാൻഡ് ചെയ്തിരുന്നു. മൂന്നു മാസം മുന്പ് മോനിഷക്കൊപ്പം താമസമാരംഭിച്ച വൈശാഖ് കുട്ടിയെ പതിവായി മർദിക്കുമായിരുന്നുവെന്നു പറയുന്നു. ശനിയാഴ്ച രാവിലെ കുഞ്ഞിനെ അതിക്രൂരമായി മർദിച്ച വൈശാഖിനെ നാട്ടുകാരാണു പോലീസിൽ ഏല്പിച്ചത്.