ഭൂവുടമയെ കബളിപ്പിച്ചു പണം തട്ടൽ: വയനാട് സ്വദേശി അറസ്റ്റിൽ
Monday, February 17, 2020 11:50 PM IST
വൈപ്പിൻ: കാലിവളർത്തൽ കേന്ദ്രവും റിസോർട്ടും നിർമിക്കാനായി വാങ്ങിയ ഭൂമിയിൽ ഒരുക്കങ്ങൾ നടത്തിയെന്ന പേരു പറഞ്ഞ് ഭൂവുടമയിൽനിന്ന് 27 ലക്ഷത്തോളം രൂപ തട്ടിയെടുത്ത വയനാട് സ്വദേശിയെ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് ബാവലിയിൽ പാൽവെളിച്ചംകര കുറ്റിച്ചിറ വീട്ടിൽ ഭാർഗവന്റെ മകൻ ബിനീഷ് (41) ആണ് അറസ്റ്റിലായത്.
ഭൂവുടമ ഞാറക്കൽ പെരുന്പിള്ളി കണ്ണപ്പശേരി വേലായുധൻ മകൻ മണിലാൽ ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തിൽ കോടതി നിർദേശത്തെത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ ഞാറക്കൽ പോലീസ് 16നു വൈകുന്നേരമാണു പ്രതിയെ വയനാട് കാട്ടിക്കുളത്തുനിന്ന് അറസ്റ്റ് ചെയ്തത്.
ഹർജിക്കാരനായ ഭൂവുടമ ഒരു വർഷം മുന്പ് വയനാട് വാങ്ങിയ ഭൂമിയിലെ പണികൾ നടത്താനും സൂക്ഷിപ്പിനും ബിനീഷിനെയാണ് ഏൽപ്പിച്ചിരുന്നത്. വിവിധ പണികൾ നടത്താനായി മണിലാൽ പെരുന്പിള്ളിയിലെ ബാങ്ക് വഴിയും നേരിട്ടും 27,02,000 രൂപ ബിനീഷിനു നൽകിയിരുന്നു. ഇതിന് ഇയാൾ 1,89,740 രൂപയുടെ പണികൾ നടത്തിയതായി കണക്കുകൾ നൽകി. എന്നാൽ, സ്ഥലത്തു ചെന്നു നോക്കിയ ഭൂവുടമയ്ക്ക് ഇതു ബോധ്യപ്പെട്ടില്ല. കബളിപ്പിച്ചതാണെന്നു ചൂണ്ടിക്കാട്ടി ഹർജിക്കാരൻ പണം തിരികെ ചോദിച്ചപ്പോൾ ബിനീഷ് ഗുണ്ടായിസം കാണിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്രേ. തുടർന്നാണ് കോടതിയെ സമീപിച്ചത്. ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.