അലന് ഷുഹൈബിന് പരീക്ഷ എഴുതാം
Tuesday, February 18, 2020 1:31 AM IST
കണ്ണൂർ/കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബിന് എൽഎൽബി രണ്ടാം സെമസ്റ്റർ പരീക്ഷയെഴുതാൻ കണ്ണൂർ സർവകലാശാല അനുമതി നൽകി.
അലൻ ഷുഹൈബിനെ പരീക്ഷയെഴുതിക്കുന്നതിൽ സാങ്കേതിക തടസമുണ്ടോയെന്നു ചോദിച്ചുകൊണ്ടുള്ള സ്റ്റാൻഡിംഗ് കൗൺസിലിന്റ കത്ത് ഇന്നലെ ഉച്ചയ്ക്കു കണ്ണൂർ സർവകലാശാലാ വൈസ് ചാൻസിലർക്കു ലഭിച്ചതിനെത്തുടർന്ന് പരീക്ഷാ കൺട്രോളർ ഇക്കാര്യം പരിശോധിക്കുകയും കോടതി അനുവദിച്ചിട്ടുണ്ടെങ്കിൽ മറ്റ് തടസങ്ങളില്ലെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനെത്തുടർന്ന് എല്ലാ വിദ്യാർഥികളെയുംപോലെ പ്രൊവിൻഷലി പരീക്ഷയെഴുതാൻ അനുവദിച്ചു വൈസ് ചാൻസിലർ ഉത്തരവിറക്കി.പിന്നീട് ഡിപ്പാർട്ട്മെന്റെ ഹെഡ് അറ്റൻഡൻസ് സർട്ടിഫിക്കറ്റ് നൽകിയ ശേഷമാണു പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുക.
ഫെബ്രുവരി 18 മുതൽ 28 വരെ പാലയാട് കാന്പസിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ ഉച്ചയ്ക്ക് ഒന്നര മുതൽ നാലര വരെയാണു പരീക്ഷ. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്കു രണ്ടു മുതലാണ് പരീക്ഷ. ഹാൾ ടിക്കറ്റുകൾ നേരത്തേംതന്നെ ഇഷ്യൂ ചെയ്തിട്ടുണ്ട്.