കഞ്ചാവുമായി പിടിയിലായത് കസ്റ്റംസിലെ വോളിബോൾ താരം
Wednesday, February 19, 2020 12:25 AM IST
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കഞ്ചാവ് പൊതിയുമായി കഴിഞ്ഞദിവസം പിടിയിലായത് കസ്റ്റംസ് ഡിപ്പാർട്ട്മെന്റിലെ വോളിബോൾ താരം. ഇന്ന് റാഞ്ചിയിൽ നടക്കുന്ന വോളിബോൾ മത്സരത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് തിരുവനന്തപുരം ചിറയൻകീഴ് ഒറ്റൂർ വടശേരിക്കോണം കൃഷ്ണവിലാസത്തിൽ ജയപാലൻ ജയപ്രകാശ് (38)പിടിയിലായത്.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തിൽ ഇൻസ്പെക്ടറായി ജോലി ചെയ്യുകയാണ് ഇയാൾ. ഇയാളിൽ നിന്ന് രണ്ട് ചെറുപൊതികളിലായി 4.45 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. വിമാനത്താവളത്തിലെ ടി 3 ടെർമിനലിൽ സിഐഎസ്എഫിന്റെ പരിശോധനയിലാണ് തിങ്കളാഴ്ച രാത്രി ഇയാൾ കുടുങ്ങിയത്.