ജോണി നെല്ലൂർ വിഭാഗം കേരള കോൺ.-എമ്മിൽ ലയിക്കും: പി.ജെ. ജോസഫ്
Friday, February 21, 2020 12:15 AM IST
കണ്ണൂർ: കേരള കോൺഗ്രസ്-ജേക്കബിലെ ജോണി നെല്ലൂർ വിഭാഗം കേരള കോൺഗ്രസ്-എമ്മിൽ ലയിക്കുമെന്ന് പി.ജെ. ജോസഫ് എംഎൽഎ. ഈ മാസം 29ന് എറണാകുളത്ത് ലയനസമ്മേളനം നടക്കും. ലയനത്തിന് ഭൂരിപക്ഷം പേരുടെയും പിന്തുണയുണ്ട്. അനൂപ് ജേക്കബ് ഉൾപ്പെടെയുള്ളവർ പിന്നാലെ പാർട്ടിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. കേരള കോൺഗ്രസുകളുടെ ലയനമാണ് ലക്ഷ്യമിടുന്നത്. അനൂപുമായി ഇതുസംബന്ധിച്ച് ചർച്ചകൾ നടന്നിട്ടുണ്ടെന്നും പി.ജെ. ജോസഫ് പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരന്നു അദ്ദേഹം.
കുട്ടനാട് സീറ്റ് സംബന്ധിച്ചു പാർട്ടിയിൽ തർക്കങ്ങളൊന്നുമില്ല. സ്ഥാനാർഥിയെ മനസിൽ കണ്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ യുഡിഎഫിന്റെ അനുമതിയോടെ സ്ഥാനാർഥിയെ പ്രഖ്യാപിക്കും.
കാർഷികമേഖലയുടെയും കർഷകരുടെയും സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുണ്ട്. കർഷകസമൂഹം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കാർഷികവിളകൾക്ക് സർക്കാർ താങ്ങുവില പ്രഖ്യാപിക്കുകയും കർഷകർക്ക് ലഭ്യമാക്കുകയും വേണം.
കാർഷികവിളകൾക്ക് താങ്ങുവില പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മാർച്ച് ഏഴു മുതൽ കാസർഗോഡുനിന്ന് തിരുവനന്തപുരത്തേക്ക് കർഷക ലോംഗ് മാർച്ച് നടത്തുമെന്നും പി.ജെ. ജോസഫ് പറഞ്ഞു.