കെഎഎസ് പ്രാഥമിക പരീക്ഷ ഇന്ന്
Saturday, February 22, 2020 12:52 AM IST
തിരുവനന്തപുരം: കേരള അഡ്മിനിസ്ടേറ്റീവ് സർവീസ് (കെഎഎസ്) പ്രാഥമിക പരീക്ഷ ഇന്നു നടക്കും. സംസ്ഥാനത്തെ 1534 കേന്ദ്രങ്ങളിലായി നടക്കുന്ന പരീക്ഷയിൽ നാലു ലക്ഷത്തോളം ഉദ്യോഗാർഥികൾ പരീക്ഷ എഴുതും. ഇന്നു രാവിലെ 10 മുതൽ 12 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതൽ 3.30 വരെയും രണ്ടു പരീക്ഷകളാണു നടക്കുക.
കുറ്റമറ്റ രീതിയിൽ പരീക്ഷ നടത്തുന്നതിന് വിപുലമായ സംവിധാനങ്ങളാണ് പിഎസ്സി ഒരുക്കിയിരിക്കുന്നത്. എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും പിഎസ്സിയിൽ നിന്നുള്ള ഉദ്യോഗസ്ഥരുണ്ടാകും. എല്ലാ സെന്ററുകളിലും പോലീസ് സംരക്ഷണവും നിരീക്ഷണവും ഉറപ്പുവരുത്തിയിട്ടുണ്ട്. പിഎസ്സി ഡെപ്യൂട്ടി സെക്രട്ടറിമാർ മുതൽ സെക്രട്ടറിമാർ വരെയുള്ളവർ ഒബ്സർവർമാരായി പ്രവർത്തിക്കും.
പരീക്ഷയ്ക്ക് അരമണിക്കൂർ മുമ്പ് ഉദ്യോഗാർഥികൾ സെന്ററിൽ എത്തണം. പരീക്ഷാകേന്ദ്രത്തിൽ ഉദ്യോഗാർഥികൾക്കുമാത്രമാകും പ്രവേശനം അനുവദിക്കുക. മൈാബെൽ ഫോണ് അടക്കം ഒരുതരത്തിലുമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും അനുവദിക്കില്ല. ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ്, ഐഡി കാർഡ്, ബോൾപോയിന്റ് പേന (നീല അല്ലെങ്കിൽ കറുപ്പ്) എന്നിവ മാത്രമേ പരീക്ഷാഹാളിലേക്ക് കൊണ്ടുപോകാൻ അനുവദിക്കൂ.