വീടു കുത്തിത്തുറന്ന് 40 പവൻ കവർന്നു
Sunday, February 23, 2020 12:01 AM IST
അങ്കമാലി: വേങ്ങൂരിൽ എംസി റോഡിനോടു ചേർന്നു വീട് കുത്തിത്തുറന്ന് 40 പവൻ കവർന്നു. വേങ്ങൂർ വിശ്വജ്യോതി സ്കൂളിനു സമീപം പുതുവൽകണ്ടത്തിൽ പി.പി. തിലകന്റെ വീട്ടിലാണ് കവർച്ച നടന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് അയൽവാസിയുടെ കാറിൽ ഗുരുവായൂർ ക്ഷേത്രത്തിലേക്കു പോയ വീട്ടുകാർ രാത്രി 10.45ന് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
വീടിന്റെ പിൻവാതിൽ തിക്കിത്തുറന്ന് അകത്തു കയറിയ മോഷ്ടാക്കൾ വീടിനുള്ളിലെ അലമാരകൾ കുത്തിത്തുറന്നാണ് സ്വർണം മോഷ്ടിച്ചത്. രണ്ടുനില വീടിന്റെ താഴത്തെമുറിയിൽ സൂക്ഷിച്ചിരുന്ന തിലകന്റെ ഭാര്യ ചന്ദ്രികയുടെ 15 പവനും മുകളിലത്തെ മുറിയിലെ മകന്റെ ഭാര്യ അഖിലയുടെയും കുട്ടിയുടെയും 25 പവൻ ആഭരണങ്ങളുമാണു നഷ്ടപ്പെട്ടത്. കിടപ്പുമുറികളിലെ സാധനങ്ങൾ വലിച്ചുവാരിയിട്ടനിലയിലായിരുന്നു.
വീടിന്റെ എതിർവശത്തെ സിസിടിവി പരിശോധിച്ചപ്പോൾ ഒരു കറുത്ത കാർ അങ്കമാലി ഭാഗത്തുനിന്നു വന്നു വേങ്ങൂർ സഹകരണ സംഘം ഓഫീസിനു സമീപമെത്തി തിരിച്ചു വീടിനു മുന്നിൽ നിർത്തുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. രാത്രി 9.03ന് വന്ന കാർ 9.42നാണ് തിരികെപോയത്. ഒരാൾ കാറിൽ നിന്നിറങ്ങി ഫോണിൽ സംസാരിക്കുന്നതിന്റെയും ചുറ്റുപാടുകൾ നിരീക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങളുമുണ്ട്.
കാറിന്റെ നമ്പർ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. റൂറൽ എസ്പി കെ. കാർത്തിക്, സിഐ മുഹമ്മദ് റിയാസ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധനയ്ക്കെത്തിയിരുന്നു.
വീട്ടിൽനിന്നു വിരലടയാളങ്ങൾ കാര്യമായി ലഭിച്ചിട്ടില്ലെന്നാണ് വിവരം. പോലീസ് നായ പട്ടിക്കൂട് വരെ ഓടി. വീടിനു മുന്നിൽ റോഡിൽ നിർത്തിയിട്ടിരുന്ന കാർ അങ്കമാലി ഭാഗത്തേക്കാണ് ഓടിച്ചുപോയത്.