സമര്‍പ്പിതര്‍ ആന്തരിക ആനന്ദത്തിന്റെ വക്താക്കള്‍: കര്‍ദിനാള്‍ മാർ ആലഞ്ചേരി
Sunday, February 23, 2020 12:17 AM IST
കാക്കനാട്: ആന്തരിക ആനന്ദത്തിന്റെ വക്താക്കളാകാന്‍ വിളിക്കപ്പെട്ടവരാണ് സമര്‍പ്പിതരെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സന്യാസസമര്‍പ്പിതരുടെ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കായി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സമര്‍പ്പിതര്‍ക്കുവേണ്ടിയുള്ള സിനഡല്‍ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ദ്വിദിന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
സമര്‍പ്പിത ദൈവവിളിയില്‍ അപജയങ്ങളുണ്ടാകുന്നത് ആത്മീയ ചൈതന്യം കുറയുന്നതിനാലാണെന്നും മാറുന്ന കാലത്തിനനുസരിച്ചുള്ള മെച്ചപ്പെട്ട പരിശീലനമാണ് ഇതിനു പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. സീറോ മലബാര്‍ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ആമുഖ പ്രഭാഷണം നടത്തി. ജീവിതത്തിന്റെ പരുക്കന്‍ ഭാവങ്ങളെ ദൈവാനുഭവത്തിലൂടെ ആനന്ദമാക്കി മാറ്റേണ്ടവരാണ് സമര്‍പ്പിതരെന്ന് അദ്ദേഹം പരിശീലകരെ ഓര്‍മിപ്പിച്ചു.
ഫാ. ഡോ. ഷാന്തി പുതുശേരി പിഐഎംഇ, അഡ്വ. സിസ്റ്റര്‍ ലിന്റ എസ്കെഡി, ഡോ. ഡോണ എസ്സിവി, സമര്‍പ്പിതര്‍ക്കുവേണ്ടിയുള്ള സിനഡല്‍ കമ്മീഷന് സെക്രട്ടറി ഫാ. ഷാബിന് കാരക്കുന്നേല്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. സിസ്റ്റര്‍ ശുഭ എംഎസ്ജെ., സിസ്റ്റര്‍ അന്‍സ എംഎസ്ജെ, സിസ്റ്റര്‍ ജെയ്മി എംഎസ്ജെ തുടങ്ങിയവര്‍ നേതൃത്വം നല്കി.