രാഷ്ട്രീയകാര്യ സമിതി വേണ്ടെന്നു മുല്ലപ്പള്ളി
Sunday, February 23, 2020 12:17 AM IST
തിരുവനന്തപുരം: പ്രവർത്തിക്കാനില്ലാതെ വിമർശിക്കാൻവേണ്ടി മാത്രമുള്ള സംവിധാനമായി മാറിയ രാഷ്ട്രീയകാര്യ സമിതി ഒഴിവാക്കണമെന്ന ആവശ്യമുന്നയിച്ചു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഹൈക്കമാൻഡിനെ സമീപിച്ചു. സംസ്ഥാന കോണ്‍ഗ്രസിന്റെ പ്രവർത്തന ഘടകമായ ജനറൽ സെക്രട്ടറിമാരും മറ്റു ഭാരവാഹികളുമടങ്ങിയ കെപിസിസി സമിതി നിലവിൽ വന്ന ശേഷം ഇതിനു മുകളിലുള്ള വിമർശന സംവിധാനമായ രാഷ്ട്രീയകാര്യ സമിതി ആവശ്യമുണ്ടോയെന്നാണു പ്രധാന ചോദ്യം. ഹൈക്കമാൻഡ് നിർദേശത്തിന്റെ അടിസ്ഥാനത്തിലാകും രാഷ്ട്രീയകാര്യ സമിതി ഇനി ചേരേണ്ടതുണ്ടോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
അടുത്ത മാസം എട്ടിനു ചേരാനിരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഒഴിവാക്കി. രാഷ്ട്രീയകാര്യ സമിതിയിൽ ചർച്ച ചെയ്തശേഷം മാത്രം സുപ്രധാന തീരുമാനമെടുത്താൽ മതിയെന്നു ഹൈക്കമാൻഡ് അറിയിച്ചാൽ മാത്രമേ ഇനി സമിതി വിളിച്ചുചേർക്കേണ്ടതുള്ളുവെന്നാണു നിലപാട്.
വി.എം. സുധീരൻ കെപിസിസി അധ്യക്ഷനായിരിക്കേ പാർട്ടിയും സർക്കാരും തമ്മിലുള്ള തർക്കങ്ങൾ പതിവായ സാഹചര്യത്തിലാണു പാർട്ടിയും സർക്കാരും തമ്മിലുള്ള പാലമായി സംസ്ഥാനത്തെ ഉന്നതനേതാക്കളെയും മുൻ കെപിസിസി പ്രസിഡന്റുമാരെയും അടക്കം ഉൾക്കൊള്ളിച്ചു രാഷ്ട്രീയകാര്യ സമിതി രൂപീകരിച്ചത്. നയപരമായ തീരുമാനങ്ങൾ രാഷ്ട്രീയകാര്യ സമിതിയിൽ ചർച്ച ചെയ്തു കൈക്കൊള്ളാനായിരുന്നു നിർദേശം.
എംപിമാരും എംഎൽഎമാരും പാർട്ടി ഭാരവാഹിത്വത്തിലേക്കു വരേണ്ടതില്ലെന്നു പറഞ്ഞതിന്റെ വൈരാഗ്യമാണു ചിലരുടെ വിമർശനത്തിന് ഇടയാക്കിയതെന്നും മുല്ലപ്പള്ളി ഹൈക്കമാൻഡിനോടു പറഞ്ഞതായാണു വിവരം. പ്രവർത്തിക്കാനുള്ള സൗകര്യാർഥമാണു ജനപ്രതിനിധികൾ വേണ്ടെന്നു തീരുമാനിച്ചതെന്നാണു മുല്ലപ്പള്ളിയുടെ പക്ഷം. താൻ അധ്യക്ഷനായ 13 മാസത്തിനിടെ 12 തവണ രാഷ്ട്രീയകാര്യ സമിതി ചേർന്നെങ്കിലും വിമർശനങ്ങളല്ലാതെ ക്രിയാത്മകമായ നിർദേശങ്ങൾ ഉയർന്നിട്ടില്ലെന്നും ഹൈക്കമാൻഡിനെ അറിയിച്ചതായാണു വിവരം.