അന്വേഷണത്തില്‍ എല്‍ടിടിഇ ബന്ധവും
Tuesday, February 25, 2020 1:18 AM IST
അഞ്ചല്‍: കുളത്തൂപ്പുഴയില്‍ അന്തര്‍സംസ്ഥാന പാതയോരത്ത് നിന്നു വെടിയുണ്ടകള്‍ ലഭിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു തുടങ്ങി.
കുളത്തൂപ്പുഴ മടത്തറ പാതയില്‍ വ്യാപാര സ്ഥാപനങ്ങള്‍, പാതയോരത്തുള്ള വീടുകള്‍, കുളത്തുപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസ് അടക്കമുള്ളവയുടെ സിസിടിവി ദൃശ്യങ്ങളാണ് സംസ്ഥാന തീവ്രവാദ വിരുദ്ധ സേനയുടെ നിര്‍ദേശ പ്രകാരം ശേഖരിച്ചിരിക്കുന്നത്. ഒരാഴ്ചവരെയുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ ശേഖരിക്കുന്നത്. ആവശ്യമെങ്കില്‍ കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിക്കും.
എടിഎസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കുളത്തൂപ്പുഴയില്‍ ക്യാമ്പ് ചെയ്താണ് തെളിവുകള്‍ ശേഖരിക്കുന്നത്. ഇതുകൂടാതെ മൊബൈല്‍ ഫോണ്‍ കോളുകളുടെ വിവരങ്ങളും അന്വേഷിച്ചുതുടങ്ങിയിട്ടുണ്ട്. അതേസമയം വെടിയുണ്ട കണ്ടെടുത്ത സംഭവത്തില്‍ എല്‍ടിടി ബന്ധവും അന്വേഷണ ഏജന്‍സികള്‍ തള്ളിക്കളയുന്നില്ല.
വെടിയുണ്ട കണ്ടെടുത്ത കുളത്തൂപ്പുഴ ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ ഏറെ വസിക്കുന്ന പ്രദേശമാണ്. മുമ്പ് ശ്രീലങ്കയില്‍ എല്‍ടിടിഇയും സര്‍ക്കാരും തമ്മിലുണ്ടായ സംഘര്‍ഷ സമയത്ത് രഹസ്യാന്വേഷണ വിഭാഗം ഇവിടെ പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്.
അതുകൊണ്ടുതന്നെ എല്‍ടിടിഇ സാന്നിധ്യം തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം.7.62 എംഎം വലിപ്പത്തിലുള്ള പാക് നിര്‍മിത ഉണ്ടകളാണ് ലഭിച്ചിരിക്കുന്നത്. ഇത് ദീര്‍ഘ ദൂര പ്രഹര ശേഷിയുള്ള തോക്കുകളില്‍ ഉപയോഗിക്കുന്നതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. മാത്രമല്ല, കണ്ടെടുത്ത വെടിയുണ്ടകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നില്ല എന്ന് തീര്‍ത്ത് പറയാന്‍ കഴിയില്ലെന്ന മിലട്ടറി ഇന്റലിജന്‍സിന്റെ നിഗമനവും പ്രധാന്യത്തോടെയാണ് എടിഎസ് സംഘം കാണുന്നത്.
വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ വനമേഖലയില്‍ പ്രത്യേക പരിശോധന നടത്തി. വെടിയുണ്ട കണ്ടെത്തിയ പ്രദേശം വന മേഖലയാണ്. ഇതുകൊണ്ട് തന്നെ കൂടുതല്‍ പരിശോധനകള്‍ വന ഭാഗത്ത് ആവശ്യമാണ് എന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് കുളത്തുപ്പുഴ, അഞ്ചല്‍ റേഞ്ച് വനലകര് സംയുക്തമായി വന മേഖലയില്‍ പരിശോധനകള്‍ നടത്തിയത്. വരും ദിവസങ്ങളിലും പരിശോധനയും നിരീക്ഷണവും തുടരുമെന്ന് ഉന്നത വനപാലകര്‍ പറഞ്ഞു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കുളത്തുപ്പുഴ മുപ്പതടി പാലത്തിന് സമീപത്ത് നിന്നും പതിനാലു വെടിയുണ്ടകള്‍ വഴിയാത്രക്കാരില്‍ ചിലര്‍ കണ്ടെത്തിയത്. സംഭവത്തില്‍ എന്‍ഐഎ, സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ്, മിലട്ടറി ഇന്റലിജന്‍സ് എന്നിവര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.