കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. എ. രാമചന്ദ്രന് അന്തരിച്ചു
Saturday, March 28, 2020 12:52 AM IST
കൊച്ചി: പ്രമുഖ ഫിഷറീസ് ശാസ്ത്രഞ്ജനും കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല (കുഫോസ്) വൈസ് ചാന്‍സലറുമായ ഡോ. എ. രാമചന്ദ്രന് (ഡോ. ആലപ്പാട്ട് രാമചന്ദ്രന്-61) അന്തരിച്ചു. ഹൃദായാഘാതത്തെത്തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ രണ്ടിനു കളമശേരിയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം നടത്തി. കൊച്ചിയിലെ ആദ്യകാല മേയറും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.എസ്.എന്‍. മേനോന്റെ മകനാണ്.
കുസാറ്റ് ഇന്‍ഡസ്ട്രീസ് ഫിഷറീസ് സ്കൂൾ ഡയക്ടറായിരുന്ന ഡോ. രാമചന്ദ്രന് 2016 ജൂണിലാണ് കുഫോസിന്റെ വൈസ് ചാന്‍സലറായി സ്ഥാനമേറ്റത്. സുല്‍ത്താനേറ്റ് ഓഫ് ഒമാന്റെ ഫിഷറീസ് അഡ്വൈസറായും ഫിഷറീസ് സംബന്ധമായ നിരവധി ദേശീയ- അന്തര്‍ദേശീയ സമതികളില്‍ എക്സ്പേര്‍ട്ട് അംഗമായും പ്രവര്‍ത്തിച്ചുവരികയായിരുന്നു.
കഴിഞ്ഞ നവംബറില്‍ ഇന്ത്യയിലെ ആദ്യത്തെ ഇൻര്‍നാഷണല്‍ ബ്ളൂ ഇക്കോണമി കോണ്‍ഫറന്‍സ് കൊച്ചിയില്‍ നടന്നത് ഡോ. എ. രാമചന്ദ്രന്റെ നേതൃത്വത്തിലാണ്. ഫിഷറീസ് രംഗത്ത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട മുന്നൂറിലേറെ പ്രബന്ധങ്ങളുടെയും നിരവധി പുസ്തകങ്ങളുടെയും രചിയിതാവാണ്. 132 വിദ്യാര്‍ഥികള്‍ ഡോ. രാമചന്ദ്രനു കീഴില്‍ ഗവേഷണം നടത്തി പിഎച്ച്ഡി ബിരുദം നേടിയിട്ടുണ്ട്.
ഹോളണ്ടിലെ ഡെല്‍ഫ് യൂണിവേഴ്സിറ്റിയില്‍നിന്നാണ് ഡോ. രാമചന്ദ്രന് പോസ്റ്റ് പിഎച്ച്ഡി ബിരുദം നേടിയത്. വേമ്പനാട്ട് കായലിലെ പ്ലാസ്റ്റിക് മാലിന്യത്തെക്കുറിച്ചു കുഫോസ് നടത്തിയ പഠനത്തിനു നേതൃത്വം നല്കിയ ഡോ. രാമചന്ദ്രന്, സമുദ്രപരിസ്ഥിതിയും കാലാവസ്ഥ വ്യതിയാനവും ഡിസാസ്റ്റര്‍ മാനേജ്മെന്റും ഐശ്ചിക വിഷയങ്ങളായി എംഎസ് സി കോഴ്സുകള്‍ കുഫോസില്‍ തുടങ്ങുകയും ചെയ്തു.
ഇടപ്പള്ളി കാംപെയിന് സ്കൂൾ അധ്യാപികയായ ഡോ. സനൂജ രാജേശ്വരിയാണ് ഭാര്യ. ഏകമകന് രാഹുല്‍ രാമചന്ദ്രന് (ഷിപ്പ് എൻജിനിയര്‍, സിംഗപ്പുര്‍). രവിപുരത്ത് കുടുംബ വീടായ ആലപ്പാട്ട് എക്സ്റ്റന്‍ഷന്‍ റോഡില്‍ രാജ വിഹാറിലായിരുന്നു ഡോ. രാമചന്ദ്രന്റെ സ്ഥിരതാമസം.