അണിയറയിലെ ഈ പോരാട്ടം അറിയേണ്ടതല്ലേ?
Saturday, March 28, 2020 12:52 AM IST
എരുമേലി: കോവിഡ് -19 പ്രതിരോധത്തിൽ മുന്നണിയിലുള്ള പോരാളിയെ പലരും തിരിച്ചറിയും. എന്നാൽ, അണിയറയിൽ യുദ്ധം ചെയ്യുന്നവരെ പലപ്പോഴും ആരും തിരിച്ചറിയാറില്ല. അണിയറപ്പോരാളികളിൽ ഒരാളാണ് എരുമേലിസ്വദേശി വിപിൻദാസ്.
രോഗബാധിതരുടെയും രോഗം സ്ഥിരീകരിച്ചവരുടെയും സ്രവം പരിശോധനയ്ക്ക് അയയ്ക്കുന്ന ഡ്യൂട്ടിയാണ് 11 വർഷമായി ആരോഗ്യവകുപ്പിൽ മൈക്രോബയോളജിസ്റ്റായ വിപിന്റേത്. ഗ്ലൗസും മാസ്കും പേഴ്സണൽ പ്രോട്ടക്ഷൻ എക്വിപ്മെന്റ് (പിപിഇ) കിറ്റും ഗ്ലാസും ധരിച്ചാണ് തുടർച്ചയായ നാലു മണിക്കൂർ ഡ്യൂട്ടി. കിറ്റ് ധരിച്ചാൽ പിന്നെ കൊടുംചൂടാണ്. ശരീരത്തിൽ ഒരിടത്തും സ്പർശിക്കാൻ പാടില്ല.
ഒരു രോഗിക്കു വേണ്ടി ഉപയോഗിച്ച ഗ്ലൗസ് മാറ്റി പുതിയതു ധരിച്ചു മാത്രമേ അടുത്തയാളുടെ അടുത്തക്കു പോകൂ. നിപ്പ പടർന്നുപിടിച്ച സമയത്തും പോസിറ്റീവായ ആദ്യ സ്രവ പരിശോധന നടന്നതു കളമശേരി മെഡിക്കൽ കോളജിലായിരുന്നു. അന്നു പൂനയിൽനിന്നുള്ള വിദഗ്ധർക്കൊപ്പം വിപിനും ഡ്യൂട്ടിയിലുണ്ടായിരുന്നു. മുട്ടപ്പള്ളി കാവുന്പാടം കെ.പി. മോഹൻദാസ് -ഗീത ദന്പതികളുടെ മകനാണ് വിപിൻ മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും ശബരിമല സീസണിൽ എരുമേലിയിലും ജോലി ചെയ്തിട്ടുണ്ട്. ഫെഡറൽ ബാങ്ക് ജീവനക്കാരിയായ രാജി ആണ് ഭാര്യ.