പെരുന്പാവൂരിലും അതിഥിത്തൊഴിലാളികളുടെ പ്രതിഷേധം
Monday, March 30, 2020 11:03 PM IST
പെരുമ്പാവൂര്‍: പാലക്കാട്ടുതാഴം ഭായി കോളനിയില്‍ തിങ്ങിപ്പാര്‍ക്കുന്ന അതിഥിത്തൊഴിലാളികള്‍ ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ പരസ്യപ്രതിഷേധവുമായി രംഗത്ത്. ജില്ലാ ഭരണകൂടം നല്കിയ ഭക്ഷണം പര്യാപ്തമല്ലെന്നും തങ്ങള്‍ക്ക് നാട്ടിലേക്ക് മടങ്ങണമെന്നും പറഞ്ഞാണ് ഇതരസംസ്ഥാനക്കാർ സംഘടിച്ചത്.
ആലുവ റൂറല്‍ എസ്പിയും ജില്ലാ കളക്ടറും സ്ഥലത്തെത്തി ഇവരോട് സംസാരിച്ചെങ്കിലും നാട്ടിലേക്ക് മടങ്ങുന്ന കാര്യത്തില്‍ ഇവര്‍ ഉറച്ചുനിന്നു. തുടര്‍ന്നു കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ കോളനിയിലെത്തി തൊഴിലാളികളുടെ പ്രതിനിധികളുമായി സംസാരിച്ചു.
നാട്ടിലേക്ക് മടങ്ങുന്ന കാര്യം ഇപ്പോള്‍ നടക്കില്ലെന്നും ഭക്ഷണം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ എല്ലാവിധ സാഹചര്യങ്ങളും അടിയന്തരമായി നടപ്പാക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. ഇന്നു മുതല്‍ പ്രദേശത്തു കൂടുതല്‍ പോലീസുകാരെ വിന്യസിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പരിഹരിച്ച വിഷയം വീണ്ടും കുത്തിപ്പൊക്കി പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടാക്കിയതിന് പിന്നില്‍ ആരാണെന്ന് അന്വേഷണം നടത്താനും പോലീസ് തീരുമാനിച്ചു.