കർണാടകം അതിർത്തി മണ്ണിട്ട് അടച്ച സംഭവം: കേന്ദ്രം ഇടപെടണമെന്നു ഹൈക്കോടതി
Tuesday, March 31, 2020 12:33 AM IST
കൊച്ചി: കേരള-കര്‍ണാടക അതിര്‍ത്തിയിലെ റോഡുകള്‍ അടച്ച പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രമ്യമായി പരിഹാരം കാണണമെന്നു ഹൈക്കോടതി. കൊറോണയെന്ന മഹാമാരിയെ നേരിടാനുള്ള ശ്രമങ്ങളുടെ പേരില്‍ ഒരു മനുഷ്യജീവന് പോലും നഷ്ടപ്പെടാന്‍ അനുവദിക്കരുതെന്നും ഡിവിഷന് ബെഞ്ച് പറഞ്ഞു.
കൊറോണ ഭീഷണിയെത്തുടര്‍ന്നു കേരള-കര്‍ണാടക അതിര്‍ത്തിയിലെ റോഡുകള്‍ കര്‍ണാടക സര്‍ക്കാര്‍ അടച്ചതിനെതിരേ ഹൈക്കോടതിയിലെ അഭിഭാഷക സംഘടന നല്കിയ പൊതുതാത്പര്യ ഹര്‍ജി, സ്വമേധയാ ഹര്‍ജിയായി പരിഗണിച്ചാണ് ഡിവിഷന് ബെഞ്ച് ഇക്കാര്യം പറഞ്ഞത്. ഹര്‍ജിയില്‍ വിശദീകരണം നല്കാന് കര്‍ണാടക സര്‍ക്കാരിന്റെ അഭിഭാഷകന് സമയം തേടിയതിനെത്തുടര്‍ന്നു ഹര്‍ജി പിന്നീടു പരിഗണിക്കാന്‍ മാറ്റി. അതിര്‍ത്തി അടച്ച കര്‍ണാടക സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്നും മംഗലാപുരത്ത് ചികിത്സ തേടുന്ന നിരവധി മലയാളികളെ ഇതു പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ എജി വാദിച്ചു.
ദേശീയപാത അഥോറിറ്റിയുടെ അധീനതയിലുള്ള റോഡുകള്‍ അടയ്ക്കാന്‍ കര്‍ണാടക സര്‍ക്കാരിന് അധികാരമില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് അവസരത്തിനൊത്തുയരുകയാണു വേണ്ടതെന്നും ആരോഗ്യ-ചികിത്സാ നടപടികളുമായി ബന്ധപ്പെട്ട് കേന്ദ്ര നിര്‍ദേശങ്ങള്‍ പാലിക്കുമെന്നാണു പ്രതീക്ഷയെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ പൗരന്റെ അവകാശങ്ങള്‍ ലംഘിക്കുന്നുണ്ടെന്നും പോലീസ് അതിക്രമങ്ങള്‍ വര്‍ധിച്ചെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയാണ് ഡിവിഷന് ബെഞ്ച് ഹര്‍ജിയില്‍ വാദം കേട്ടത്.