കാരച്ചെമ്മീൻ ഇറക്കുമതി: പരിശോധനാ ഇളവുമായി ജപ്പാൻ
Saturday, April 4, 2020 11:40 PM IST
കൊച്ചി: ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കാരച്ചെമ്മീനു നടത്തുന്ന ഗുണമേന്മ പരിശോധനയിൽ ജപ്പാൻ ഇളവ് അനുവദിച്ചു. പരിശോധന പൂർണമായും ഒഴിവാക്കുന്നതിന്റെ ആദ്യ പടിയായാണ് ഇറക്കുമതി ചെയ്യുന്ന കാരച്ചെമ്മീനിന്റെ 30 ശതമാനം മാത്രം പരിശോധനയ്ക്ക് വിധേയമാക്കിയാൽ മതിയെന്ന പുതിയ ഉത്തരവ്. ജപ്പാനിലെ ആരോഗ്യ മന്ത്രാലയത്തിലെ സുരക്ഷാ വിഭാഗമാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.
ഇന്ത്യയിലെ ജപ്പാൻ എംബസി, എക്സ്പോർട്ട് ഇൻസ്പെക്ഷൻ കൗണ്‍സിൽ ഓഫ് ഇന്ത്യ, സമുദ്രോത്പന്ന കയറ്റുമതി വികസന അഥോറിറ്റി (എംപിഇഡിഎ) എന്നിവയ്ക്ക് ഉത്തരവ് സംബന്ധിച്ച അറിയിപ്പ് ലഭിച്ചു. ജപ്പാനിൽ നിന്നുള്ള രണ്ടംഗ വിദഗ്ധ സംഘം ഇന്ത്യയിലെ കാരച്ചെമ്മീൻ ഹാച്ചറികൾ, കൃഷിയിടങ്ങൾ, സംസ്കരണ യൂണിറ്റുകൾ എന്നിവ സന്ദർശിച്ചതിനു ശേഷമാണ് പരിശോധനയിൽ ഇളവ് അനുവദിച്ചുള്ള ഉത്തരവിറക്കിയത്. ഏറെക്കാലമായി നടത്തുന്ന പരിശ്രമങ്ങളുടെ ഫലമാണ് ഉത്തരവെന്ന് എംപിഇഡിഎ ചെയർമാൻ കെ.എസ്. ശ്രീനിവാസ് പറഞ്ഞു.