ശക്തി പ്രാപിച്ച് വേനൽമഴ; ചൂടിനു നേരിയ ആശ്വാസം
Tuesday, April 7, 2020 1:10 AM IST
തിരുവനന്തപരും: സംസ്ഥാനത്ത് വേനൽ മഴ ശക്തി പ്രാപിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ തിമിർത്തു പെയ്തപ്പോൾ മീനച്ചൂടിനു നേരിയ ആശ്വാസമായി. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ശേഷം ഇടിമിന്നലോടു കൂടിയ കനത്ത മഴയാണു പെയ്തത്. ഒപ്പം, ശക്തമായ കാറ്റുമുണ്ടായി.
മാർച്ച് ഒന്നു മുതൽ ആരംഭിച്ച വേനൽക്കാല മഴയിൽ ഇന്നലെ വരെ കിട്ടേണ്ട 4.5 സെന്റിമീറ്റർ മഴയിൽ 4.4 സെന്റിമീറ്ററും ഇതിനോടകം ലഭിച്ചു. ഇക്കാലയളവിൽ ഏറ്റവും കൂടുതൽ മഴ പെയ്തത് പത്തനംതിട്ട ജില്ലയിലാണ് - 92 ശതമാനം അധിക മഴ. കോട്ടയം ജില്ലയാണ് തൊട്ടുപിന്നിൽ- 33 ശതമാനം അധിക മഴ.
തൃശൂരിൽ 26 ശതമാനവും എറണാകുളത്ത് 29 ശതമാനവും അധിക മഴ രേഖപ്പെടുത്തിയപ്പോൾ മറ്റു ജില്ലകളിൽ മഴ കുറഞ്ഞു. കാസർഗോഡ് ജില്ലയിലാണ് ഏറ്റവും കുറച്ച് മഴ പെയ്തത്- 90 ശതമാനം മഴ കുറവ്. കണ്ണൂർ ജില്ലയിൽ 75 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി.
ആലപ്പുഴ, കണ്ണൂർ, കോഴിക്കോട്, കോട്ടയം, പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ പകൽ താപനിലയിൽ നേരിയ കുറവുണ്ടായി. പാലക്കാട് ജില്ലയിലാണ് ഇന്നലെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്- 39 ഡിഗ്രിസെൽഷസ്. അടുത്ത മൂന്നു ദിവസം കൂടി വേനൽ മഴ ശക്തമായി തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.