കേന്ദ്ര പദ്ധതികൾക്കായി പ്രോജക്ടുകൾ സമർപ്പിക്കണം: പി.ജെ. ജോസഫ്
Wednesday, May 27, 2020 11:54 PM IST
തൊടുപുഴ: കേന്ദ്ര പദ്ധതികൾ യഥാസമയം നേടിയെടുക്കാൻ സമയബന്ധിതമായി പ്രോജക്ടുകൾ സമർപ്പിക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ്. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷിയോഗത്തിൽ വീഡിയോ കോണ്‍ഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യബന്ധനത്തിനും അനുബന്ധ മേഖലകൾക്കുമായി കേന്ദ്രം പ്രഖ്യാപിച്ച 20,000 കോടിയിൽ 800 കോടി കേരളത്തിനു ലഭിക്കും. മത്സ്യം വളർത്തലിന് ഒരു യൂണിറ്റിനു അഞ്ചു ലക്ഷം രൂപ വീതം അനുവദിച്ചാലും 16,000 യൂണിറ്റ് ഇവിടെ തുടങ്ങാനാകും. മൃഗസംരക്ഷണ അനുബന്ധ മേഖലയ്ക്ക് 15,000 കോടിയാണ് കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ഇനത്തിലും 600 കോടിയുടെ സഹായം കേരളത്തിനു ലഭിക്കും. വെർട്ടിക്കൽ ഫാമിംഗിന് അനന്ത സാധ്യതകളാണുള്ളത്. നാലു പശുക്കൾ, 20ആട്, ഇരുനൂറിൽപ്പരം ഗ്രോബാഗ് പച്ചക്കറി എന്നിവ വളർത്തുന്നതിനുള്ള ഒരു യൂണിറ്റിനു നാലു ലക്ഷം രൂപ വീതം അനുവദിച്ചാൽ 15,000 യൂണിറ്റ് ഇവിടെ ആരംഭിക്കാനാകും. പ്രോജക്ട് തയാറാക്കുന്നതിൽ സഹകരണം ഉണ്ടാകുമെന്ന് ജോസഫ് പറഞ്ഞപ്പോൾ ആ ഓഫർ സ്വീകരിക്കുന്നതായി മുഖ്യമന്ത്രിയും വ്യക്തമാക്കി.