ഗവേഷണ രീതിശാസ്ത്രം: അമൽജ്യോതിയിൽ ശില്പശാല തുടങ്ങി
Friday, May 29, 2020 12:22 AM IST
കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗം സംഘടിപ്പിക്കുന്ന ദേശീയ ശിൽപ്പശാലയ്ക്കു തുടക്കമായി. ഗവേഷണ രീതി ശാസ്ത്രമെന്ന വിഷയത്തിൽ ഓണ്‍ലൈനായി നടത്തുന്ന ശിൽപ്പശാലയിൽ 180 ഗവേഷണ വിദ്യാർഥികളും അധ്യാപകരും പങ്കെടുക്കുന്നുണ്ട്. 50 പേർ കേരളത്തിനു പുറത്തുനിന്ന് ഉള്ളവരാണ്.
കോളജ് മാനേജർ റവ.ഡോ. മാത്യു പായിക്കാട്ട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സെഡ്. വി. ലാക്കപ്പറന്പിൽ, മെക്കാനിക്കൽ വിഭാഗം മേധാവി ടോംസ് ഫിലിപ്പ് എന്നിവർ സന്നിഹിതരായിരുന്നു.
അമൽജ്യോതിയിലെ മെക്കാനിക്കൽ വിഭാഗം അധ്യാപകരായ ഡോ. ജോബി ജോർജ്, പ്രഫ. ടെന്നി തോമസ് എന്നിവരാണു കോഓർഡിനേറ്റർമാർ. 28 മുതൽ 30 വരെ മൂന്നു ദിവസങ്ങളിലായി നടക്കുന്ന ആറ് സെഷനുകളിൽ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഡോ. ആർ. ശ്രീധരൻ, ഡോ. വി. മധുസൂദനൻപിള്ള, ഡോ. എസ്. സുനിത, ഡോ. വിനീഷ് കെ.പി., കണ്ണൂർ സർക്കാർ എൻജിനിയറിംഗ് കോളജിലെ ഡോ. അബ്ദുൾ നാസർ കെ.പി. എന്നിവർ വിവിധ ക്ലാസുകൾ നയിക്കും.
എങ്ങിനെയാണ് ഗവേഷണം ചെയ്യേണ്ടത്, അതിനുപയോഗിക്കുന്ന ശാസ്ത്രീയമായ സമീപനങ്ങളും പദ്ധതികളുമെന്തൊക്കെയാണ്, ഗവേഷണ ഫലങ്ങൾ എഴുതിവെക്കുന്ന രീതികൾ എന്തൊക്കെയാണ്, അതിനുള്ള ഉപകരണങ്ങൾ എന്തൊക്കെയാണ് തുടങ്ങി വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടക്കും.