ഡൽഹിയിൽനിന്നെത്തി; അവശനിലയിൽ ആശുപത്രിയിലെത്തിച്ചു
Friday, May 29, 2020 1:07 AM IST
അത്താണി(തൃശൂർ): ഡൽഹിയിൽനിന്നുള്ള ട്രെയിനിൽ എറണാകുളത്ത് ഇറങ്ങി മുങ്ങിയ കോട്ടയം സ്വദേശി രാവിലെ പൊങ്ങിയതു തൃശൂർ ജില്ലയിലെ മുളംകുന്നത്തുകാവ് അത്താണിയിൽ. അവശനായ ഇയാളെ പോലീസ് എത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുറച്ചിത്താനം നെടുംതൊടുപ്പിൽ വീട്ടിൽ രാജേഷ് നായരെ (45)യാണ് തൃശൂരിൽ കണ്ടെത്തിയത്. അവശനായ ഇയാൾ അത്താണി ബസ് സ്റ്റോപ്പിലെത്തി എടിഎമ്മിൽനിന്നു പണം എടുത്ത ശേഷം സമീപത്തെ ഹോട്ടലിൽനിന്നു ചായ കുടിച്ചു. ഇയാളുടെ അവശത കണ്ട് നാട്ടുകാരും ഹോട്ടൽ ജീവനക്കാരും വിവരങ്ങൾ ചോദിച്ചറിഞ്ഞ് വടക്കാഞ്ചേരി, മെഡിക്കൽ കോളജ് സ്റ്റേഷനുകളിൽ വിവരം അറിയിച്ചു.
വടക്കാഞ്ചേരി എസ്ഐ പി.ബി. ബിജുലാലിന്റെ നേതൃത്വത്തിൽ ആംബുലൻസ് വരുത്തി ഇയാളെ മെഡിക്കൽ കോളജ് കോവിഡ് ആശുപത്രിയിലേക്കു മാറ്റി. കോവിഡ് ലക്ഷണമുണ്ടെന്നു പ്രചരിച്ചതു ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കി. വടക്കാഞ്ചേരി ഫയർഫോഴ്സും ആരോഗ്യ വകുപ്പും ചേർന്ന് എടിഎം, ബസ് സ്റ്റോപ്പ്, ഹോട്ടൽ, ഓട്ടോറിക്ഷാ സ്റ്റാൻഡ്, ഫുട്പാത്തുകൾ, കടകൾ എന്നിവിടങ്ങളിൽ അണുനശീകരണംനടത്തി. കുറച്ചിത്താനത്തുള്ള വീട്ടിലേക്ക് പോകാൻ കഴിയാത്തതുമൂലം വരവൂരുള്ള ആശ്രമത്തിൽ കഴിയാനാണു തൃശൂരിൽ എത്തിയതെന്നു പറയുന്നു.