പിന്നാക്ക വികസന കോർപറേഷൻ 650 കോടിയുടെ വായ്പാ പദ്ധതി നടപ്പാക്കും
Tuesday, June 2, 2020 12:10 AM IST
തിരുവനന്തപുരം: കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ കോവിഡിന്റെ പശ്ചാത്തലത്തിൽ 650 കോടി രൂപയുടെ വായ്പാ പദ്ധതികൾ നടപ്പിലാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ലോക്ഡൗണിനെ തുടർന്ന് വരുമാനമില്ലാതായ സംരംഭകർക്ക് സംരംഭങ്ങൾ പുനരാരംഭിക്കുന്നതിന് പരമാവധി അഞ്ചു ലക്ഷം രൂപ വരെ ആറു ശതമാനം വാർഷിക പലിശ നിരക്കിൽ പ്രവർത്തന മൂലധനവായ്പ അനുവദിക്കും.
"സുഭിക്ഷ കേരളം’ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനായി ഒബിസി വിഭാഗത്തിൽപ്പെട്ട വ്യക്തിഗത വനിതാ സംരംഭകർക്ക് അവരുടെ വീടുകളിലും പരിസരങ്ങളിലുമായി കൃഷി, മത്സ്യം വളർത്തൽ, പശു-ആടു വളർത്തൽ, പൗൾട്രിഫാം എന്നിവ ആരംഭിക്കുന്നതിന് പരമാവധി രണ്ടു ലക്ഷം രൂപ വരെ അഞ്ചു ശതമാനം വാർഷിക പലിശ നിരക്കിൽ വ്യക്തിഗത വായ്പ ലഭ്യമാക്കും.
മൈക്രോ ക്രെഡിറ്റ്, മഹിളാ സമൃദ്ധി യോജന എന്നീ പദ്ധതികൾ പ്രകാരം അനുവദിക്കുന്ന വായ്പ രണ്ടു കോടി രൂപയിൽ നിന്നും മൂന്നു കോടി രൂപയായി വർധിപ്പിക്കും. മൂന്നു മുതൽ നാലു ശതമാനം വരെ വാർഷിക പലിശ നിരക്കിലാണ് ഈ വായ്പ അനുവദിക്കുന്നത്. തൊഴിൽ നഷ്ടപ്പെട്ട് കേരളത്തിലേക്ക് മടങ്ങിവരുന്ന ഒബിസി, മതന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദേശ പ്രവാസികളുടെ പുനരധിവാസത്തിനായി കോർപറേഷൻ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് റീട്ടേണ്. ആറു മുതൽ എട്ടു ശതമാനം വരെ പലിശ നിരക്കിൽ 20 ലക്ഷം രൂപവരെ വായ്പ അനുവദിക്കുന്ന ഈ പദ്ധതിയിൽ രേഖകൾ സമർപ്പിച്ച് 15 ദിവസത്തിനകം വായ്പ അനുവദിക്കും. പരമാവധി മൂന്നു ലക്ഷം രൂപ മൂലധന സബ്സിഡിയും (15 ശതമാനം) തിരിച്ചടവിന്റെ ആദ്യ നാലു വർഷം മൂന്നു ശതമാനം പലിശ സബ്സിഡിയും നോർക്ക ലഭ്യമാക്കും.
ഈ പദ്ധതി പ്രകാരം പിന്നാക്ക വിഭാഗ വികസന കോർപറേഷനിൽ നിന്നും സംരംഭങ്ങൾ ആരംഭിക്കുന്നതിന് 20 ലക്ഷം രൂപ വായ്പയെടുക്കുന്ന പ്രവാസിക്ക് വായ്പാ ഗഡുക്കൾ കൃത്യമായി തിരിച്ചടക്കുകയുമാണെങ്കിൽ വായ്പാ കാലാവധിയായ അഞ്ചു വർഷത്തിനകം മുതലും പലിശയുമടക്കം തിരിച്ചടക്കേണ്ടത് മുതലിനേക്കാളും കുറഞ്ഞ തുകയായ 18.5 ലക്ഷം രൂപ മാത്രമാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.