കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്: യുഡിഎഫ് ചർച്ചയിൽ തീരുമാനമായില്ല
Wednesday, June 3, 2020 1:01 AM IST
തിരുവനന്തപുരം: കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്ക പരിഹാരത്തിനായി കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളുമായി യുഡിഎഫ് നേതൃത്വം നടത്തിയ ചർച്ചയിൽ തീരുമാനമായില്ല.
വിഷയവുമായി ബന്ധപ്പെട്ട് ഇന്നലെ കോണ്‍ഗ്രസ്, ലീഗ് നേതാക്കൾ ജോസ് കെ. മാണി, പി.ജെ. ജോസഫ് എന്നിവരുമായി വെവ്വേറെ ചർച്ച നടത്തുകയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയില്ലെന്നു ജോസ് കെ. മാണി എംപി ചർച്ചയിൽ നിലപാടെടുത്തു. പിന്നീട് പി.ജെ. ജോസഫ് എംഎൽഎയുമായും യുഡിഎഫ് നേതൃത്വം ചർച്ച നടത്തി. പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്നാണ് യുഡിഎഫ് നേതൃത്വം ജോസ് കെ. മാണി വിഭാഗവുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടതെന്നും അതിനു തയാറായില്ലെങ്കിൽ തുടർ നടപടികൾ ഉണ്ടാകുമെന്നും പി.ജെ. ജോസഫ് പറഞ്ഞു.
പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് ഇരുവിഭാഗങ്ങളും തമ്മിൽ വാക്കാൽ ധാരണയുണ്ടായിരുന്നെന്നും അതിനാൽ ജോസ് കെ. മാണി വിഭാഗം പദവി ഒഴിയണമെന്നും യുഡിഎഫ് നേതൃത്വം നിലപാടെടുത്തു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ, ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി എംപി, ഡോ. എം.കെ. മുനീർ എംഎൽഎ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ജോസ് കെ. മാണി പക്ഷത്തു നിന്നു ജോസ് കെ. മാണി എംപി, തോമസ് ചാഴികാടൻ എംപി, ഡോ. എൻ. ജയരാജ് എംഎൽഎ, റോഷി അഗസ്റ്റിൻ എംഎൽഎ, സ്റ്റീഫൻ ജോർജ് എന്നിവരും പി.ജെ. ജോസഫ് വിഭാഗത്തിൽ നിന്ന് എംഎൽഎമാരായ പി.ജെ. ജോസഫും മോൻസ് ജോസഫും ചർച്ചയിൽ പങ്കെടുത്തു.