ഫസ്റ്റ് ബെൽ ഓൺലൈൻ പഠനം: ട്രയൽ റൺ രണ്ടാഴ്ചത്തേക്കു നീട്ടി
Thursday, June 4, 2020 12:37 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ആരംഭിച്ച ഫസ്റ്റ് ബെൽ ഓൺലൈൻ പഠനസംവിധാനം രണ്ടാഴ്ച ട്രയൽ റൺ ആയി തുടരാൻ മന്ത്രിസഭായോഗ തീരുമാനം.
ഒരാഴ്ച ട്രയൽ റൺ എന്ന ധാരണ തിരുത്തിയാണു മന്ത്രിസഭാ നടപടി. ഓൺലൈൻ പഠനസൗകര്യം ലഭ്യമല്ലാത്ത കുട്ടികളെയെല്ലാം ഇതിന്റെ ഭാഗമാക്കുന്നതിനായാണ് രണ്ടാഴ്ചത്തേക്ക് ട്രയൽ നീട്ടുന്നത്. ഇപ്പോൾ പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ രണ്ടാഴ്ച കഴിഞ്ഞു വീണ്ടും വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യും. എല്ലാവർക്കും പഠന സൗകര്യം ഉറപ്പാക്കിയ ശേഷമേ പൂർണതോതിലുള്ള അധ്യയനം ആരംഭിക്കൂ. കഴിഞ്ഞ ദിവസം മലപ്പുറം ഇരുമ്പിളിയം ജിഎച്ച്എസ്എസ് വിദ്യാർഥിനി ദേവിക ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദ്യാഭ്യാസവകുപ്പിന്റെ റിപ്പോർട്ട് ലഭിക്കാത്ത സാഹചര്യത്തിൽ വിശദ ച൪ച്ച നടന്നില്ല.
ഓൺലൈൻ വിദ്യാഭ്യാസത്തിന് ടെലിവിഷനില്ലാത്ത വീടുകളിലെ കുട്ടികൾക്ക് അയൽപക്ക പഠനകേന്ദ്രം സ്ഥാപിക്കാൻ നടപടിയാരംഭിച്ചിട്ടുണ്ട്. കെഎസ്എഫ്ഇ സബ്ഡിഡി തുകയുപയോഗിച്ചും തദ്ദേശഭരണസ്ഥാപനങ്ങൾ മുൻകൈയെടുത്തുമാണ് ഇവ ഒരുക്കേണ്ടത്. ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ 1.20 ലക്ഷം ലാപ് ടോപ്പുകളും 7000 പ്രോജക്ടറുകളും 4455 ടെലിവിഷനുകളും സൗകര്യമില്ലാത്തിടത്ത് ഉപയോഗിക്കും.