ഉപതെരഞ്ഞെടുപ്പ്: അന്തിമ തീരുമാനം അഞ്ചിന്
Thursday, July 2, 2020 12:21 AM IST
തിരുവനന്തപുരം: ചവറ, കുട്ടനാട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഇപ്പോഴത്തെ സാഹചര്യത്തിൽ നടത്തുന്നതിനു പ്രായോഗിക ബുദ്ധിമുട്ടെന്നു വ്യക്തമാക്കി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു റിപ്പോർട്ട് നൽകി. ഈ മാസം അഞ്ചിനു ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.
കോവിഡ് സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതു പ്രായോഗികമല്ലാത്തതിനു മൂന്നു കാരണങ്ങളാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. നിലവിലെ സാഹചര്യത്തിൽ സാമൂഹിക അകലം പാലിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് ബുദ്ധിമുട്ടാണ്. ജനങ്ങളുടെ സുരക്ഷിതത്വത്തെ ഇതു ബാധിച്ചേക്കാം. തെരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യം വന്നാൽ അത് ഓഗസ്റ്റിന് ശേഷം മാത്രമേ നടത്താനാകൂവെന്നും റിപ്പോർട്ടിലുണ്ട്.