എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സേവനങ്ങൾ ഓൺലൈനായി
Saturday, July 4, 2020 12:55 AM IST
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ഉദ്യോഗാർഥികളുടെ തിരക്ക് നിയന്ത്രിക്കാൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള സേവനങ്ങൾക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. രജിസ്ട്രേഷൻ, പുതുക്കൽ സർട്ടിഫിക്കറ്റ് ചേർക്കൽ എന്നീ സേവനങ്ങൾ സെപ്റ്റംബർ 30 വരെ www.eemploy ment.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി മാത്രം ലഭിക്കും.
എന്നാൽ ’ശരണ്യ’, ’കൈവല്യ’’ തുടങ്ങിയ സ്വയം തൊഴിൽ പദ്ധതികളുടെ വായ്പാ തിരിച്ചടവ്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി താത്കാലിക നിയമനം കിട്ടിയവരുടെ വിടുതൽ സർട്ടിഫിക്കറ്റ് ചേർക്കൽ എന്നീ സേവനങ്ങൾ ബന്ധപ്പെട്ട എക്സ്ചേഞ്ചുകൾ വഴി നേരിട്ട് ലഭ്യമാക്കും. പുതിയ രജിസ്ട്രേഷൻ, സർട്ടിഫിക്കറ്റ് ചേർക്കൽ, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് ചേർക്കൽ എന്നിവ ഓൺലൈനായി നിർവഹിക്കാം. അസൽ സർട്ടിഫിക്കറ്റുകൾ ഒക്ടോബർ മുതൽ ഡിസംബർ 31 നകം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പരിശോധനക്കായി ഹാജരാക്കിയാൽ മതി. 2019 ഡിസംബർ 20 നു ശേഷം ജോലിയിൽ നിന്നും നിയമാനുസൃതം വിടുതൽ ചെയ്യപ്പെട്ട് ഡിസ്ചാർജ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാർഥികൾക്ക് 2020 ഡിസംബർ 31 വരെ സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് വിടുതൽ സർട്ടിഫിക്കറ്റ് ചേർത്ത് നൽകും.
ജനുവരി മുതൽ സെപ്റ്റംബർ വരെ രജിസ്ട്രേഷൻ പുതുക്കേണ്ടവർക്ക് ഡിസംബർ 31 വരെ രജിസ്ട്രേഷൻ പുതുക്കൽ അനുവദിക്കും. 2019 മാർച്ചിനോ അതിനുശേഷമോ രജിസ്ട്രേഷൻ പുതുക്കേണ്ട പട്ടികജാതി/വർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കും ഈ ആനുകൂല്യം ഡിസംബർ 31 വരെ ലഭിക്കും.ഈ കാലയളവിൽ ഫോൺ/ഇമെയിൽ മുഖേന അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ബന്ധപ്പെട്ടും രജിസ്ട്രേഷൻ പുതുക്കാം. ഓൺലൈൻ സേവനങ്ങൾ സംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾക്ക് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ഫോൺ/ഇമെയിൽ മുഖേന ബന്ധപ്പെടാം.