കേരള പോലീസ് വീണ്ടും സീറോ വേക്കന്സിയിലേക്ക്
Sunday, July 5, 2020 1:03 AM IST
കൊച്ചി: പത്തു വര്‍ഷത്തിനുശേഷം കേരള പോലീസ് വീണ്ടും സീറോ വേക്കന്സിയിലേക്ക്. കേരളത്തിലെ ഏഴ് ബറ്റാലിയന് റാങ്ക് ലിസ്റ്റില്‍നിന്നു 2021 ഡിസംബര്‍ 31 വരെയുള്ള വിരമിക്കല്‍ ഒഴിവ് ഉള്‍പ്പെടെ കണക്കാക്കിയാണ് ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാലങ്ങളായി നിയമനം നടത്താതെ കിടക്കുന്ന സാങ്കേതികവിഭാഗം തസ്തികകളിലേക്ക് നിലവില്‍ വര്‍ക്കിംഗ് അറേഞ്ച്മെന്റുകളിലുള്ള പോലീസ് ഉദ്യോഗസ്ഥരെ താല്കാലിക ഡെപ്യൂട്ടേഷനാക്കി മാറ്റി, ആ തസ്തികകളിലേക്കും നിയമനം നടത്താന്‍ തീരുമാനമായി.
പുതുതായി 1,947 പേരുടെ ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുപ്രകാരം പോലീസ് ട്രെയിനിംഗ് കിട്ടേണ്ടവരുടെ എണ്ണം 1,700 ആണ്. നിലവിലുള്ള റാങ്ക് ലിസ്റ്റില്‍നിന്ന് ഒരു വര്‍ഷംകൊണ്ട് 5,629 പേര്‍ക്കാണ് നിയമനം നല്‍കിയത്. നിലവില്‍ അഡ്വൈസ് മെമ്മോ ലഭിച്ച് നിയമനം കാത്തുനില്‍ക്കുന്നവരെ കൂടാതെ 1,947 ഉദ്യോഗാര്‍ഥികള്‍ക്ക് കൂടിയാണ് ഇനി നിയമനം ലഭിക്കാന്‍ പോകുന്നത്.
ഈ ഒഴിവുകള്‍ പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവര്‍ക്കുള്ള അഡ്വൈസ് മെമ്മോ ഉടൻ ലഭിക്കും. കോടതിയിൽ കേസുണ്ടായിരുന്നതിനാലാണ് വൈകിയത്.
എസ്എപിയില് 169 പേര്‍ക്കും എംഎസ് പിയില്‍ 206 പേര്‍ക്കും കെഎപി ഒന്നില്‍ 535 പേര്‍ക്കും കെഎപി രണ്ടില്‍ 130 പേര്‍ക്കും കെഎപി മൂന്നില്‍ 107 പേര്‍ക്കും കെഎപി നാലില്‍ 200 പേര്‍ക്കും കെഎപി അഞ്ചില്‍ 600 പേര്‍ക്കുമാണ് പുതുതായി നിയമനം ലഭിക്കുക. 2010ല്‍ കോടിയേരി ബാലകൃഷ്ണന് ആഭ്യന്തര മന്ത്രിയായിരിക്കേ പോലീസില്‍ സീറോ വേക്കന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനുശേഷം ഇപ്പോഴാണ് സീറോ വേക്കന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
സീമ മോഹന്‍ലാല്‍