ആലപ്പുഴ തീരത്തു മത്സ്യബന്ധനവും വിപണനവും നിരോധിച്ചു
Friday, July 10, 2020 12:41 AM IST
ആലപ്പുഴ: ജില്ലയുടെ മുഴുവൻ കടൽത്തീരപ്രദേശത്ത് മത്സ്യബന്ധനവും വിപണനവും 16 രാത്രി 12 വരെ നിരോധിച്ചുകൊണ്ടു ജില്ലാ കളക്ടർ എ. അലക്സാണ്ടർ ഉത്തരവായി. കോവിഡ് 19 രോഗവ്യാപനം നിയന്ത്രിക്കുന്നതിന് കർശനമായ നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിച്ചുവരുന്നതിന്റെ ഭാഗമായാണ് ഉത്തരവ്.
തീര പ്രദേശത്ത് മത്സ്യത്തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഉറവിടം കണ്ടെത്താനായിട്ടില്ല.
ഒരുമിച്ചു മത്സ്യബന്ധനത്തിനു പോകുന്നതും പരസ്പരം ഇടപഴകുന്നതും മത്സ്യവിപണനത്തിനായി ഒട്ടനവധി ആളുകൾ ഒരുമിച്ചുകൂടുന്നതും കോവിഡ് 19 രോഗബാധയ്ക്കും സമൂഹ വ്യാപനത്തിനും ഇടയാക്കുന്ന സാഹചര്യംകൂടി പരിഗണിച്ചാണ് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ദുരന്തനിവാരണ നിയമം അനുസരിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.