കേരളം സമൂഹവ്യാപനത്തിലേക്ക് അടുക്കുന്നു: മുഖ്യമന്ത്രി
Friday, July 10, 2020 12:52 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരത്ത് പൂന്തുറയിൽ സൂപ്പർ സ്പ്രെഡ് നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കൊച്ചി ഉൾപ്പെടെ പല പ്രദേശങ്ങളിലും സമാനമായ വെല്ലുവിളി നേരിടുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം ഇനിയും ഉയർന്നേക്കാം. എപ്പോൾ വേണ്ടി വന്നാലും നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കേണ്ടിവരാം. ഇതു സംസ്ഥാനത്തിനാകെ ബാധകമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
കേരളം സമൂഹവ്യാപനത്തിലേക്ക് അടുക്കുകയാണെന്ന ആശങ്കയുണ്ട്. ആളുകൾ കൂട്ടംകൂടുന്നത് ഒരു കാരണവശാലും അനുവദിക്കാനാകില്ല. അത്യാവശ്യ കാര്യങ്ങൾക്കേ ആളുകൾ പുറത്തിറങ്ങാവൂ.
അതിർത്തിക്കപ്പുറത്തുനിന്നു വരുന്നവർക്കായി ആശുപത്രികളിൽ പ്രത്യേക ഒപി തുടങ്ങും. ആവശ്യമെങ്കിൽ രോഗബാധിതർക്കായി കിടത്തിചികിത്സയും ആരംഭിക്കും. കമാൻഡോകളും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 500 പോലീസുകാരെ പൂന്തുറയിൽ വിന്യസിച്ചു.
റിവേഴ്സ് ക്വാറന്റൈനിൽ കഴിയുന്ന വയോധികർക്കു വീടുകളിൽ ആവശ്യത്തിനു സൗകര്യങ്ങളില്ലെങ്കിൽ മറ്റു സ്ഥലങ്ങളിലേക്കു മാറ്റി പാർപ്പിക്കുന്നതിനേക്കുറിച്ച് ആലോചിക്കണം. ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. റിവേഴ്സ് ക്വാറന്റൈനിൽ കഴിയുന്നവരുടെ വീടുകളിൽ അനാവശ്യ സന്ദർശനം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.