മുഖ്യമന്ത്രിയുടെ മകളുടെ വിവാഹഫോട്ടോയിൽ കൃത്രിമം: മന്ത്രി ജയരാജൻ ഡിജിപിക്കു പരാതി നൽകി
Monday, July 13, 2020 12:55 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ചിത്രത്തിൽ കൃത്രിമം കാണിച്ച് സമൂഹ മാധ്യമം വഴി പ്രചരിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ടു മന്ത്രി ഇ.പി. ജയരാജൻ ഡിജിപിക്കു പരാതി നൽകി. ജൂണ്‍ 15ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലായിരുന്നു വിവാഹം. വധൂവരന്മാർക്കും മുഖ്യമന്ത്രിക്കും ഭാര്യക്കും ഒപ്പം ഇ.പി ജയരാജനും ഭാര്യ പി.കെ. ഇന്ദിരയും നിൽക്കുന്ന ഫോട്ടോയിലാണു കൃത്രിമം കാണിച്ചത്. മന്ത്രിയുടെ ഭാര്യയുടെ മുഖത്തിന്റെ സ്ഥാനത്ത് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മുഖം ചേർത്തു പ്രചരിപ്പിച്ചെന്നാണു പരാതി.
മുഖ്യമന്ത്രിയെയും തന്നെയും അപമാനിക്കാനും സമൂഹത്തിലെ മാന്യതയും സ്വീകാര്യതയും ഇല്ലാതാക്കാനും വേണ്ടിയാണ് വ്യാജ ഫോട്ടോ പ്രചരിപ്പിച്ചതെന്നു പരാതിയിൽ പറയുന്നു.
ഇന്ത്യൻ നിയമം 465, 469 വകുപ്പുകൾ പ്രകാരവും ഐടി ആക്ട്, കേരള പോലീസ് ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരവും ശിക്ഷാർഹ കുറ്റങ്ങളാണിത്.