കരിപ്പൂർ വിമാനത്താവളത്തിൽ 1.14 കോടിയുടെ സ്വർണം പിടികൂടി
Monday, July 13, 2020 12:55 AM IST
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് സ്ത്രീ ഉൾപ്പെടെ നാലുയാത്രക്കാരിൽനിന്ന് എയർകസ്റ്റംസ് ഇന്റലിജൻസ് 1.14 കോടിയുടെ സ്വർണം പിടികൂടി. നാലുപേരും ഒളിപ്പിച്ചു കടത്തിയ മൂന്നുകിലോയോളം വരുന്ന സ്വർണമിശ്രിതത്തിൽനിന്ന് 2.3 കിലോ സ്വർണമാണ് കസ്റ്റംസ് വേർതിരിച്ചെടുത്തത്.
റാസൽ ഖൈമയിൽനിന്ന് സ്പൈസ് ജെറ്റ് വിമാനത്തിൽ കരിപ്പൂരിലെത്തിയ തിരുവനന്തപുരം സ്വദേശിനി സീനമോൾ, കാസർഗോഡ് സ്വദേശികളായ അബ്ദുൾ സത്താർ, മുഹമ്മദ് ഫൈസൽ, മുഹമ്മദ് മിഥുലാജ് എന്നിവരിൽനിന്നാണ് സ്വർണം പിടികൂടിയത്.1.8 കിലോഗ്രാം സ്വർണ മിശ്രിതവുമായാണ് സീനാ മോൾ കരിപ്പൂരിലെത്തിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണമിശ്രിതം.
അബ്ദുൾ സത്താറിൽനിന്ന് 388 ഗ്രാം സ്വർണവും, മുഹമ്മദ് ഫൈസലിൽ നിന്ന് 390 ഗ്രാം സ്വർണവും കണ്ടെത്തി. ഇരുവരും അടിവസ്ത്രത്തിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.
മുഹമ്മദ് മിഥുലാജിൽനിന്ന് 387 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. പേസ്റ്റ് രൂപത്തിലാക്കി ജീൻസിന്റെ വേസ്റ്റ് ബാൻഡിനുളളിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.
രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നാണ് കസ്റ്റംസിന് സ്വർണം പിടികൂടാനായത്.
കരിപ്പൂരിൽ കഴിഞ്ഞദിവസം ഒന്നരക്കോടിയുടെ സ്വർണമാണു പിടികൂടിയിരുന്നത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ഡോ.എൻ.എസ്.രാജി, സൂപ്രണ്ടുമാരായ സി.സി. ഹാൻസണ്, എം.പ്രകാശ്, ഗണപതി പോറ്റി, ഇൻസ്പെക്ടർമാരായ ശിവാനി, പ്രമോദ്, സന്ദീപ് ബിസ്ല, ഹവിൽദാർ പി.എം. ഫ്രാൻസിസ് എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.
കഴിഞ്ഞ വർഷം കരിപ്പൂരിൽ പിടികൂടിയ സ്വർണത്തിന്റെ 20 ശതമാനവും സ്ത്രീകളിൽനിന്നായിരുന്നു. ഒരു വർഷത്തിനിടെ സ്ത്രീകൾ കരിയർമാരായ 33 കേസുകളാണ് കരിപ്പൂരിൽ മാത്രം പിടികൂടിയത്. ഇവരിൽ 10.35 കിലോ സ്വർണമാണു കണ്ടെത്തിയത്. കസ്റ്റംസ് പിടിച്ചതിന്റെ പത്തിരട്ടി സ്വർണം സ്ത്രീകൾ പുറത്ത് കടത്തിയിട്ടുണ്ടാവുമെന്നാണു കരുതുന്നത്.