നാലാം ദിവസവും 400 കടന്ന് കോവിഡ്
Tuesday, July 14, 2020 1:07 AM IST
തിരുവനന്തപുരം: ഇന്തോ- ടിബറ്റൻ ബോർഡർ ഫോഴ്സിലെ 77 ജവാന്മാർക്കുൾപ്പെടെ സംസ്ഥാനത്ത് ഇന്നലെ 449 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 144 പേർക്കു സന്പർക്കത്തിലൂടെയാണു രോഗം പിടിപെട്ടത്. രോഗത്തിന്റെ ഉറവിടമാറിയാത്ത 18 പേരുമുണ്ട്.
കണ്ണൂർ ജില്ലയിൽ ഐഷ (64), കൊല്ലം ജില്ലയിലെ ത്യാഗരാജൻ(74) എന്നിവരാ ണു മരിച്ചത്. ഇതോടെ കോവിഡ് മൂലം സംസ്ഥാനത്ത് മരണമടഞ്ഞവരുടെ എണ്ണം 33 ആയി.ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ വിദേശത്തു നിന്നു വന്ന 140 പേരും മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്ന 64 പേരും ഉൾപ്പെടുന്നു. അഞ്ച് ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ രണ്ടും മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ ഒന്നുവീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ ആലപ്പുഴ ജില്ലയിലെ 77 ഐടിബിപിക്കാർക്കും കണ്ണൂർ ജില്ലയിലെ 10 ഡിഎസ്സി ജവാൻമാർക്കും നാലു ഫയർഫോഴ്സ് ജീവനക്കാർക്കും തൃശൂർ ജില്ലയിലെ ഒരു ബിഎസ്എഫ് ജവാനും മൂന്നു കെഎസ്ഇക്കാർക്കും രോഗം ബാധിച്ചു.
ഇന്നലെ 162 പേർക്കു രോഗം ഭേദമായി. 1,80,594 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. 4376 പേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. ഇന്നലെ 713 പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏറ്റവും കൂടുതൽ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഇന്നലെയാണ്.