കരിപ്പൂരിൽ ഇൻഡക്ഷൻ കുക്കറിൽ ഒളിപ്പിച്ചു കടത്തിയ സ്വർണം പിടികൂടി
Wednesday, July 15, 2020 12:11 AM IST
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ ഇൻഡക്ഷൻ കുക്കറിൽ ഒളിപ്പിച്ചു കടത്തിയ 28.50 ലക്ഷത്തിന്റെ 578 ഗ്രാം സ്വർണം പിടികൂടി. ഇന്നലെ ജിദ്ദയിൽനിന്ന് സ്പൈസ് ജെറ്റ് വിമാനത്തിൽ കരിപ്പൂരിലെത്തിയ മലപ്പുറം കൊളത്തൂർ അബൂബക്കർ സിദ്ദിഖ് എന്ന യാത്രക്കാരനിൽനിന്നാണ് സ്വർണം പിടികൂടിയത്.
ഇൻഡക്ഷൻ കുക്കറിന്റെ കോയിലിന്റെ ഭാഗത്ത് സ്വർണക്കട്ടികൾ രൂപംമാറ്റി ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു. എക്സ്റേ പരിശോധനയിൽ സംശയം തോന്നിയ കസ്റ്റംസ് ബാഗേജിലുണ്ടായിരുന്ന കുക്കർ അഴിച്ചു പരിശോധിച്ചപ്പോഴാണ്് സ്വർണം കണ്ടെത്തിയത്.
കരിപ്പൂരിൽ കഴിഞ്ഞ ദിവസം ഒരു സ്ത്രീ ഉൾപ്പെടെ നാലുപേരിൽനിന്നായി എയർ കസ്റ്റംസ് ഇന്റലിജൻസ് 1.14 കോടി രൂപയുടെ സ്വർണം പിടികൂടിയിരുന്നു.
കൊണ്ടോട്ടി: ഗൾഫിൽനിന്നുള്ള സ്വർണക്കടത്തിൽ കസ്റ്റംസിനു കൃത്യമായ വിവരങ്ങൾ നൽകുന്ന ഇൻഫോർമർ പാരിതോഷികം കൂടുതൽ കൈപ്പറ്റുന്നത് സർക്കാർ ഉദ്യോഗസ്ഥർ. കള്ളക്കടത്ത് ഇൻഫോം ചെയ്യുന്നവരുടെ വിവരങ്ങൾ കസ്റ്റംസ് രഹസ്യമായി വയ്ക്കുന്നതിനപ്പുറം ഇവർക്ക് പിടികൂടുന്നതിനു കൃത്യമായി പാരിതോഷികവും നൽകുന്നുണ്ട്.
ഒരു കിലോ സ്വർണം പിടിച്ചാൽ ഇൻഫോം ചെയ്യുന്നവർക്ക് ഒന്നരലക്ഷം രൂപയാണ് ലഭിക്കുന്നത്. പവന് 150 രൂപ നിരക്കിലാണ് നിലവിൽ ഇൻഫോർമർക്ക് കസ്റ്റംസ് നൽകുന്നത്.
ഈ പാരിതോഷികം കൂടുതൽ വാങ്ങുന്നത് വർഷങ്ങളായി കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരാണ്. 2018-ൽ 40 ലക്ഷം രൂപയാണ് ഇൻഫോർമാർ കൈപ്പറ്റിയത്. ഇതിൽ 25 ലക്ഷവും സർക്കാർ ജീവനക്കാർക്കായിരുന്നു. 15 ലക്ഷം മാത്രമാണ് മറ്റുളളവർ കൈപ്പറ്റിയത്. 2016-17 വർഷത്തിൽ 15 ലക്ഷം സ്വകാര്യ വ്യക്തികളും 23 ലക്ഷം സർക്കാർ ജീവനക്കാരും കൈപ്പറ്റിയത്.
കഴിഞ്ഞവർഷവും സർക്കാർ ജീവനക്കാർ ഈയിനത്തിൽ കൈപ്പറ്റിയത് 30 ലക്ഷത്തിനു മുകളിലാണ്. സ്വർണക്കടത്ത് പിടികൂടുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർക്കും പിടികൂടുന്ന സ്വർണമൂല്യത്തിന്റെ പത്തു ശതമാനം പാരിതോഷികം ലഭിക്കും.