സർക്കാർ കൂടുതൽ കുരുക്കിലേക്ക്: കെ.സുരേന്ദ്രൻ
Wednesday, July 15, 2020 12:44 AM IST
തിരുവനന്തപുരം: സ്വർണക്കള്ളക്കടത്തു കേസിൽ പിണറായി സർക്കാർ കൂടുതൽ കുരുക്കിലാകുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസിൽ ഇപ്പോൾ പിടിയിലായ സ്വപ്ന സുരേഷും സരിത്തും മന്ത്രി കെ.ടി.ജലീൽ ഉൾപ്പെടെയുള്ളവരെ വിളിച്ചതിന്റെ ഫോണ് രേഖകൾ പുറത്തുവന്നതോടെ കേസു സംബന്ധിച്ച് താൻ ഉന്നയിച്ച വിവരങ്ങളെല്ലാം ശരിയായെന്നും സുരേന്ദ്രൻ പറഞ്ഞു.
ഭരണതലത്തിൽ സ്വാധീനമുള്ള പലർക്കും ഈ കേസുമായി അടുത്ത ബന്ധമുണ്ട്.
സ്വർണക്കടത്തുകാരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തപ്പോൾ ആദ്യം വിളിയെത്തിയതു മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്നതും ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. കേസിൽ മുഖ്യ ആസൂത്രകയായ സ്വപ്നയുടെപിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്നതും ഫോണ് വിളികളുടെ വിവരങ്ങൾ പുറത്തുവന്നതോടെ വ്യക്തമായിരിക്കുന്നു. സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ സ്വകാര്യ ഫോണിൽനിന്നു വിളിച്ചതിന്റെ വിവരങ്ങളാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. മന്ത്രി ജലീൽ, മുൻ ഐടി സെക്രട്ടറി എം. ശിവശങ്കർ, ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി തുടങ്ങിയവരെ ഏപ്രിൽ മുതൽ ജൂലൈ വരെ വിളിച്ചതിന്റെ വിവരങ്ങളാണ് പുറത്തു വന്നത്.
കാര്യങ്ങൾ ഇത്രത്തോളം വ്യക്തമായിട്ടും തന്റെ ഓഫീസിനെക്കുറിച്ച് യാതൊരു അന്വേഷണവും വേണ്ടെന്നു പറയുന്ന മുഖ്യമന്ത്രി അന്വേഷണത്തെ ഭയക്കുകയാണെന്നും ഇനിയെങ്കിലും ആ സ്ഥാനത്തു നിന്നും മാറിനിൽക്കാൻ അദ്ദേഹം തയാറാകണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.