സംസ്ഥാനത്തെ 75 പോലീസ് സ്റ്റേഷനുകൾ ശിശു സൗഹൃദമായി
Wednesday, July 15, 2020 11:29 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ 75 പോലീസ് സ്റ്റേഷനുകളിൽ കുട്ടികൾക്കുവേണ്ടി പ്രത്യേകം തയാറാക്കിയ സ്ഥലവും സംവിധാനങ്ങളും അതത് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉദ്ഘാടനം ചെയ്തു. 75 പോലീസ് സ്റ്റേഷനുകളിലെയും ശിശുസൗഹൃദ ഇടങ്ങളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്ത വീഡിയോ കോണ്‍ഫറൻസും സംഘടിപ്പിച്ചു.
അടുത്ത മൂന്ന് വർഷത്തിനകം സംസ്ഥാനത്തെ 482 പോലീസ് സ്റ്റേഷനുകളിലും ശിശു സൗഹൃദ ഇടങ്ങൾ സ്ഥാപിക്കുമെന്ന് വീഡിയോ കോണ്‍ഫറൻസിലൂടെ ചടങ്ങിൽ പങ്കെടുത്ത സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. വിവിധ ആവശ്യങ്ങൾക്കായി പോലീസ് സ്റ്റേഷനിൽ എത്തുന്ന മാതാപിതാക്കളോടൊപ്പം വരുന്ന കുട്ടികൾക്ക് ഭയരഹിതരായി സമയം ചെലവഴിക്കാൻ ഈ സംവിധാനം ഉപകരിക്കും. ടിവി, പുസ്തകങ്ങൾ, ചിത്രം വരയ്ക്കാനുള്ള സൗകര്യങ്ങൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്.
എഡിജിപിമാരായ ഡോ.ഷേയ്ക്ക് ദർവേഷ് സാഹിബ്, മനോജ് ഏബ്രഹാം, ഐജിമാരായ ബൽറാം കുമാർ ഉപാധ്യായ, ഹർഷിത അട്ടലൂരി, പി.വിജയൻ എന്നിവരും മുതിർന്ന ഓഫീസർമാരും യുണിസെഫ് ചെന്നൈ മേഖല സോഷ്യൽ പോളിസി മേധാവി ഡോ.പിനാകി ചക്രവർത്തി, സിനിമാ താരം പേളി മാണി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പോലീസ് സ്റ്റേഷനുകളിൽ ശിശു സൗഹൃദ ഇടം ഒരുക്കുന്ന പദ്ധതിയുടെ മൂന്നാം ഘട്ടമാണ് ഉദ്ഘാടനം ചെയ്തത്.
തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷൻ, കൊല്ലം ഈസ്റ്റ്, എറണാകുളം കടവന്ത്ര, തൃശൂർ ഈസ്റ്റ്, കോഴിക്കോട് ടൗണ്‍, കണ്ണൂർ ടൗണ്‍ എന്നീ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകിയും സ്റ്റേഷനുകളിൽ ശിശു സൗഹൃദ ഇടം ഒരുക്കിയുമാണ് ഒന്നാംഘട്ടത്തിന് തുടക്കം കുറിച്ചത്.