റബർ ആക്ട് പിൻവലിക്കൽ കർഷകരോടുള്ള യുദ്ധപ്രഖ്യാപനം: ജോസ് കെ. മാണി
Thursday, July 16, 2020 12:48 AM IST
കോട്ടയം: റബർ ആക്ട് പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം കർഷകരോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ജോസ് കെ. മാണി എംപി. റബർ ആക്ട് നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, വിലസ്ഥിരതാഫണ്ട് കുടിശിക ഉടൻ വിതരണം ചെയ്യുക, റബറിന് 200 രൂപ താങ്ങുവില നിശ്ചയിക്കുക, റബർ ബോർഡ് നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, റബർ ബോർഡ് കേന്ദ്ര ഗവണ്മെന്റിന് സമർപ്പിച്ചിരിക്കുന്ന 161 കോടിയുടെ കോവിഡ് പാക്കേജ് അംഗീകരിച്ച് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കേരള കോണ്ഗ്രസ് എം ജോസ് വിഭാഗം സംസ്ഥാന നേതൃത്വം നടത്തിയ റബർ ബോർഡ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റബർ കർഷക വിരുദ്ധ നിലപാടുകൾക്കെതിരെ കാര്യമായ ഇടപെടൽ നടത്താതെ നോക്കുകുത്തിയായിരിക്കുന്നതുകൊണ്ടാണ് കർഷകർക്കും റബർ ബോർഡിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നത്. റബർ ഉത്പാദക ഉത്തേജകപദ്ധതി കുടിശിക അടിയന്തരമായികൊടുത്തു തീർക്കണം. സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജോസ് കെ. മാണി എംപി ആവശ്യപ്പെട്ടു.
റബർ കർഷകരുടെ നിലനിൽപ്പിനെ ബാധിക്കുന്ന ഈ പ്രശ്നങ്ങളിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്ഗ്രസ് എം ജോസ് വിഭാഗം എംപിമാരും എംഎൽഎമാരും റബർ ബോർഡ് ചെയർമാനെ കണ്ടു ചർച്ച നടത്തി. തോമസ് ചാഴികാടൻ എംപി, റോഷി അഗസ്റ്റിൻ എംഎൽഎ, ഡോ. എൻ. ജയരാജ് എംഎൽഎ, ജോസഫ് എം. പുതുശേരി, സ്റ്റീഫൻ ജോർജ്, പി.എം. മാത്യു, ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം എന്നിവർ ധർണയിൽ പങ്കെടുത്തു.