അൽഫോൻസാമ്മ സഹനങ്ങളെ ധീരതയോടെസ്വീകരിച്ച വിശുദ്ധ: മാർ തോമസ് തറയിൽ
Sunday, August 2, 2020 12:15 AM IST
കുടമാളൂർ: അൽഫോൻസാമ്മ സഹനങ്ങളെ ധീരതയോടെ സ്വീകരിച്ച വിശുദ്ധയാണെന്ന് ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ. 32-ാമത് അൽഫോൻസാ തീർഥാടനത്തോടനുബന്ധിച്ച് ഇന്നലെ കുടമാളൂർ വിശുദ്ധ അൽഫോൻസാ ജന്മഗൃഹത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മിഷൻലീഗ് അതിരൂപത ഡയറക്്ടർമാരായ ഫാ. ജോബിൻ പെരുന്പളത്തുശേരി, ഫാ. അനീഷ് കുടിലിൽ എന്നിവർ സഹ കാർമികരായിരുന്നു.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷം കാൽനടയായുള്ള തീർഥാടനം ഒഴിവാക്കി ആത്മീയ തീർഥാടനമായാണ് ക്രമീകരിച്ചത്. ഇരുപതിനായിരത്തിലേറെ കുട്ടികളാണ് വർഷംതോറും കുടമാളൂർ തീർഥാടനത്തിൽ പങ്കെടുത്തിരുന്നത്.
മിഷൻലീഗ് സ്ഥാപക ഡയറക്ടർ ഫാ. ജോസഫ് മാലിപ്പറന്പിലിന്റെ ആർപ്പൂക്കര ചെറുപുഷ്പം പള്ളിയിലെ കബറിടത്തിങ്കൽ ഒപ്പീസ് ചൊല്ലി പരിപാടികൾക്ക് തുടക്കം കുറിച്ചു.
കുടമാളൂർ മുത്തിയമ്മ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേ ന്ദ്രം ആർച്ച്പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടം ആമുഖ സന്ദേശം നല്കി. കുടമാളൂർ ഫൊറോനാ ഡയറക്ടർ ഫാ. വർഗീസ് മൂന്നുപറയിൽ മധ്യസ്ഥപ്രാർഥന നടത്തി. കുട്ടികളും മതാധ്യാപകരും ഓണ്‍ലൈൻ സംവിധാനത്തിലൂടെ തിരുക്കർമങ്ങളിൽ പങ്കാളികളായി. അതിരൂപത, ഫൊറോന ഭാരവാഹികൾ ചടങ്ങുകൾക്ക് നേതൃത്വം നല്കി.