അധ്യാപകരുടെ ശന്പളം തടയുന്നത് നീതിനിഷേധമെന്ന് ഉമ്മൻ ചാണ്ടി
Sunday, August 2, 2020 12:16 AM IST
തൃശൂർ: നിയമനം ലഭിച്ച് ശന്പളം ലഭിക്കാത്ത മൂവായിരത്തോളം വരുന്ന എയ്ഡഡ് അധ്യാപകരുടെ പ്രശ്നത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് നീതിനിഷേധമാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വിദ്യാഭ്യാസ മേഖല ശക്തിപ്പെടാൻ സംതൃപ്തരായ അധ്യാപക സമൂഹം ആവശ്യമാണ്. അതിനാലാണ് 2011ൽ മുൻ സർക്കാർ അധ്യാപക പാക്കേജ് നട്പ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
നോണ്‍ അപ്രൂവ്ഡ് ടീച്ചേഴ്സ് സമിതിയുടെ ആഭിമുഖ്യത്തിൽ 30 വരെ നീണ്ടുനിൽക്കുന്ന നവമാധ്യമങ്ങളിലൂടെയുള്ള പ്രതിഷേധ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന ജനറൽ സെക്രട്ടറി ജോഷി വടക്കൻ അധ്യക്ഷത വഹിച്ചു.
2016ൽ കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ സർക്കാർ വരുത്തിയ ഭേദഗതികളെത്തുടർന്ന് നിയമന അംഗീകാരവും ശന്പളവും ഇല്ലാത്ത മൂവായിരത്തോളം എയ്ഡഡ് സ്കൂൾ അധ്യാപകരാണ് സംസ്ഥാനത്തുള്ളത്.