കോവിഡ് പ്രതിരോധം ശക്തമാക്കാൻ: ത്രിതല ആക്ഷൻ പ്ലാനുമായി പോലീസ്
Wednesday, August 5, 2020 12:24 AM IST
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കുടുതൽ ശക്തമാക്കാൻ ത്രിതല ആക്ഷൻ പ്ലാനുമായി പോലീസ്. രോഗവ്യാപനം തടയാൻ കണ്ടെയ്ൻമെന്റ് സോണുകളിൽ കർശനമായ ട്രിപ്പിൾ ലോക്ക് ഡൗണ് നടപ്പിലാക്കും.
ക്വറന്റൈനിൽ കഴിയുന്നവർ വീടുകളിൽ നിന്നു പുറത്തിറങ്ങുന്നില്ല എന്ന് ഉറപ്പാക്കും. ഇതിനു പോലീസിന്റെ സഹായത്തിനായി സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തും. പോലീസ് നിർദേശം ലംഘിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാനാണു സർക്കാർ തീരുമാനം. പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി സംസ്ഥാനതല നോഡൽ ഓഫീസറായി കൊച്ചി പോലീസ് കമ്മീഷണർ വിജയ് സാഖറെയെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്.
കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്നവർക്കു അവശ്യം വേണ്ട മരുന്നുകളും മറ്റ് അവശ്യ വസ്തുക്കളും പോലീസിന്റെയും മറ്റ് ഏജൻസികളുടെയും സഹകരണത്തോടെ വീടുകളിൽ എത്തിക്കും. കണ്ടെയ്ൻമെന്റ് സോണുകൾ അല്ലാത്ത പ്രദേശങ്ങളിൽ വാഹന പരിശോധന ശക്തമാക്കും. ഇതിനായി പോലീസിൽ തന്നെ പ്രത്യേക ടീമിനെ നിയോഗിക്കും.
കോവിഡ് സംശയിക്കുന്നവരുടെ ക്വാറന്റൈൻ കർശനമായി നിരീക്ഷിക്കും. രണ്ടാംഘട്ടത്തിൽ പോസിറ്റീവ് കേസുകളുള്ളവർ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിലുള്ള ജനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കും. ഇവിടെ പുറത്തേക്കും അകത്തേക്കും പ്രവേശിക്കുന്നതിനുള്ള വഴികൾ അടയ്ക്കും. മൂന്നാം ഘട്ടമായി രോഗബാധിതരുമായി സന്പർക്കത്തിലുള്ളവരെയെല്ലാം വീടുകളിൽ തന്നെ താമസിപ്പിക്കും.
കോണ്ടാക്ട് ട്രേസിംഗിനായി പ്രത്യേക സംഘം
കോവിഡ് രോഗം സ്ഥിരീകരിക്കുന്നവരുടെ കോണ്ടാക്ട് ട്രേസിംഗിനായി സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ മൂന്നു പോലിസുകാർ അടങ്ങുന്ന പ്രത്യേകസംഘത്തിനു രൂപം നൽകി.
എതിർപ്പുമായി ഐഎംഎ
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പോലീസിനെ ഏൽപ്പിച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ ശക്തമായ എതിർപ്പുമായി ആരോഗ്യ രംഗത്തെ സംഘടനകൾ. ഡോക്ടർമാരുടെ സംഘടനകളായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കേരള ഗസറ്റഡ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) എന്നീ സംഘടനകളാണു സർക്കാർ നിലപാടിനെതിരെ ഇന്നലെ പരസ്യമായി രംഗത്തെത്തിയത്.
ആരോഗ്യ വിഷയത്തിൽ അറിവ് ഉള്ളവരെയാവണം പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ജോലികൾ ഏൽപ്പിക്കേണ്ടത്.
സന്പർക്ക പട്ടിക തയാറാക്കുന്നത് പോലിസിനെ ഏൽപ്പിച്ചത് ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കുമെന്നുംആരോഗ്യ രംഗത്തെ സംഘടനകൾ വ്യക്തമാക്കി.