കോവിഡ് ചട്ടം ലംഘിച്ച് യാത്ര;ബസ് തടയൽ ബഹളത്തിൽ കലാശിച്ചു
Friday, August 7, 2020 12:55 AM IST
തൃപ്പൂണിത്തുറ: നിറയെ യാത്രക്കാരെ കയറ്റിവന്ന ബസുകളെ പൂത്തോട്ടയിൽ തടഞ്ഞ സംഭവത്തിൽ പോലീസ് കേസെടുത്തു.
കോട്ടയത്തുനിന്നു വരുന്ന ദീർഘദൂര ബസുകളിൽ കോവിഡ് മാനദണ്ഡം പാലിക്കപ്പെടുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിൽ പ്രതിഷേധിച്ച് ബുധനാഴ്ച പൂത്തോട്ടയിൽചിലർ ബസുകൾ തടഞ്ഞിരുന്നു. ഇത് ഇന്നലെയും ആവർത്തിച്ചതോടെ അമിതമായി യാത്രക്കാരെ കയറ്റിവന്ന ബസ് ഒരു കൂട്ടം ആളുകൾ ചേർന്നു തടഞ്ഞു.ഇതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ബസിനുള്ളിൽ നിന്നുകൊണ്ട് പ്രതിഷേധിച്ചു.
ഇതിനിടയിൽ ഒരു സ്ത്രീ റോഡിൽ കിടന്ന് ഒരു വണ്ടിയും ഓടാൻ അനുവദിക്കില്ലെന്ന നിലപാടെടുത്തു. ഇരുചക്ര വാഹനങ്ങളെ പോലും വിടാതെ വന്നതോടെ ബഹളമായി. ഉദയംപേരൂർ പോലീസ് ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. സംഭവത്തിന്റെ വാട്സ്ആപ്പ് മെസേജ് കണ്ട കമ്മീഷണർ ഓഫീസിൽനിന്നു വിവരം കൈമാറുകയും ബസുകാർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.