മുണ്ടക്കൈ മലയിൽ ഉരുൾപൊട്ടി; പുഞ്ചിരിമട്ടത്ത് രണ്ടു വീടുകൾ തകർന്നു
Saturday, August 8, 2020 1:13 AM IST
കൽപ്പറ്റ: മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ മലയിൽ ഇന്നലെ പുലർച്ചെ ഉരുൾപൊട്ടിയതിനെത്തുടർന്നു താഴ്വാരത്തെ പുഞ്ചിരിമട്ടത്തു രണ്ടു വീടുകൾ തകർന്നു. മഠത്തിൽ വിജയൻ, സുകുമാരൻ പുഞ്ചിരിമട്ടം എന്നിവരുടെ വീടുകളാണ് തകർന്നത്.
വീടുകളോടു ചേർന്നുള്ള സ്ഥലം വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ആളപായമില്ല. പുഞ്ചിരിമട്ടം ജിഎൽപി സ്കൂൾ റോഡിലെ ഇരുന്പുപാലം തകർന്നു.
വനറാണി എസ്റ്റേറ്റിലേക്കുള്ള പാലം ഒലിച്ചുപോയി. പുഞ്ചിരിമട്ടത്തെ സ്വകാര്യ റിസോർട്ടിന്റെ അടിത്തറയ്ക്കു കേടു പറ്റി.