പോലീസ് അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറി കെ.ജെ. ജോർജ് ഫ്രാൻസിസ് നിര്യാതനായി
Sunday, August 9, 2020 12:17 AM IST
കളമശേരി: കേരള പോലീസ് അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറി കെ.ജെ. ജോർജ് ഫ്രാൻസിസ് (84) നിര്യാതനായി. ഇടപ്പള്ളി ടോൾ കാച്ചപ്പിള്ളി വീട്ടിൽ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം.
തന്റെ ഭൗതിക ശരീരം ഗവ. മെഡിക്കൽ കോളജിന് നൽകണമെന്നു ജോർജ് ഫ്രാൻസിസ് ആഗ്രഹം പ്രകടിപ്പിരുന്നെങ്കിലും മരണകാരണം കാൻസർ ആയിരുന്നതിനാൽ സഫലമായില്ല. സംസ്കാരം ഉണിച്ചിറ സെന്റ് ജൂഡ് പള്ളിയിൽ നടന്നു. കാച്ചപ്പിള്ളി ജോസഫ്-റോസമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഏലൂർ വലിയപറമ്പിൽ കുടുംബാംഗം യദോസിയ. മക്കൾ: ജോസഫ് ഷാ (യുഎസ്എ), മൈക്കിൾ ചെഗുവേര (ബിസിനസ്), ഐഡിത്ത് (ബിസിനസ്). മരുമക്കൾ: പരേതയായ വിനീത, ലിസ (ഗവ. ഹൈസ്കൂൾ ഇടപ്പള്ളി). സഹോദരങ്ങൾ: ഫാ. കസിയാൻ (മഞ്ഞുമ്മൽ), ആന്റി ജോസഫ് (ഇടപ്പള്ളി).
കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി, ഇടപ്പള്ളി ടോൾ എകെജി ഗ്രന്ഥശാലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. സംഘടനാ സ്വാതന്ത്ര്യമാവശ്യപ്പെട്ടു പോലീസുകാർ രാജ്യത്താകെ നടന്ന സമരങ്ങളിൽ കേരളത്തിൽ നേതൃത്വം നൽകിയവരിൽ മുൻനിരയിൽ ജോർജ് ഫ്രാൻസിസ് ഉണ്ടായിരുന്നു. 1980ൽ സംഘടന രൂപീകരിച്ചതു മുതൽ 1991 ജൂൺ 30ന് സർവീസിൽനിന്നു വിരമിക്കുന്നതുവരെ അസോസിയേഷൻ ജനറൽ സെക്രട്ടറിയായി തുടർന്നു. ഇന്ത്യൻ പോലീസ് സേനയുടെ സംഘടനാ ചരിത്രം-ഒരു രൂപരേഖ, ചിന്ത ഹരൺ ദത്ത-കൽക്കത്ത പോലീസിന്റെ പിതാവ്, ഇന്ത്യയിലെ അഞ്ച് പോലീസ് സംഘടനകൾ, പോലീസ് സംഘടന-ബാലപാഠങ്ങൾ, കേരളത്തിലെ പോലീസ് സംഘടന തുടങ്ങിയ കൃതികൾ രചിച്ചു.