മഴയ്ക്ക് താത്കാലിക ശമനം; ശനിയാഴ്ച വരെ ജാഗ്രതാ മുന്നറിയിപ്പുകളില്ല
Wednesday, August 12, 2020 12:50 AM IST
തിരുവനന്തപുരം: ഒരാഴ്ചയായി സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയ്ക്ക് താത്കാലിക ശമനം. ശനിയാഴ്ച വരെ കേരളത്തിൽ കനത്ത മഴയ്ക്കോ അതിതീവ്ര മഴയ്ക്കോ സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അതേസമയം കാലവർഷത്തിന്റെ ഭാഗമായുള്ള മഴ തുടരും. എന്നാൽ കേരളത്തിലെങ്ങും നിലവിൽ ജാഗ്രതാ മുന്നറിയിപ്പുകളുമില്ല.
വ്യാഴാഴ്ചയോടെ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരളത്തെ ന്യൂനമർദം പ്രതികൂലമായി ബാധിക്കാനിടയില്ലെന്നാണ് നിലവിലെ നിഗമനം. അതേസമയം സംസ്ഥാനത്ത് ചെറിയതോതിൽ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇന്നലെ കേരളത്തിൽ ഏറ്റവും കൂടുതൽ മഴ പെയ്തത് കണ്ണൂർ ജില്ലയിലെ ഇരിക്കൂരിലും കാസർഗോഡ് ജില്ലയിലെ കുടുലുവിലുമാണ്. അഞ്ച് സെന്റിമീറ്റർ മഴയാണ് ഇവിടങ്ങളിൽ രേഖപ്പെടുത്തിയത്.