എംജി സർവകലാശാല അവസാന സെമസ്റ്റർ ബിരുദ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 48.07 ശതമാനം വിജയം
Friday, August 14, 2020 12:14 AM IST
കോട്ടയം: എംജി സർവക ലാശാല കോവിഡ് 19 വെല്ലുവിളിയെ മറികടന്ന് മാർച്ച്, ജൂണ്‍, ജൂലൈ മാസങ്ങളിലായി സർവകലാശാല നടത്തിയ അവസാന സെമസ്റ്റർ ബിരുദ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 48.07 ശതമാനം പേർ വിജയിച്ചതായി വൈസ് ചാൻസലർ പ്രഫ. സാബു തോമസ് പറഞ്ഞു. ബിഎ, ബിഎസ്്സി, ബികോം, ബിബിഎ, ബിസിഎ, ബിബിഎം, ബിഎഫ്ടി, ബിടിടിഎം പ്രോഗ്രാമുകളിലായി പരീക്ഷയെഴുതിയ 37,502 പേരിൽ 18,030 പേർ എല്ലാ സെമസ്റ്ററുകളിലും വിജയിച്ചു.
ബിഎയ്ക്ക് 54.13 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 7,717 പേരിൽ 4,177 പേർ ജയിച്ചു. ബിഎസ്സിക്ക് 55.46 ശതമാനം പേർ ജയിച്ചു. 9,010 പേരിൽ 4,997 പേർ ജയിച്ചു. ബികോമിന് 42.89 ശതമാനമാണ് വിജയം. 15,100 പേരിൽ 6,477 പേർ ജയിച്ചു. ബിബിഎ.-40.25, ബിസിഎ-42.46, ബിബിഎം -30.11, ബിഎഫ്ടി-28.57, ബിടിടിഎം-26.77 എന്നിങ്ങനെയാണ് വിജയശതമാനം. ബിബിഎക്ക് പരീക്ഷയെഴുതിയ 2,715 പേരിൽ 1,093 പേരും ബിസിഎക്ക് 2496 പേരിൽ 1060 പേരും ബിബിഎമ്മിന് 176 പേരിൽ 53 പേരും ബിഎഫ്ടിക്ക് 42 പേരിൽ 12 പേരും ബിടിടിഎമ്മിന് 478 പേരിൽ 128 പേരും വിജയിച്ചു.
ആറാം സെമസ്റ്ററിൽ മാത്രം 71.27 ശതമാനമാണ് വിജയം. 37,502 പേരിൽ 26,728 പേർ അവസാന സെമസ്റ്റർ പരീക്ഷ ജയിച്ചു. ബിഎ- 88.59, ബിഎസ് സി- 74.16, ബികോം.-62.52 എന്നിങ്ങനെയാണ് വിജയശതമാനം. മറ്റു പ്രോഗ്രാമുകൾക്ക് 77.29 ശതമാനമാണ് വിജയം.
പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിലെ ’റിസൾട്ട്സ്’ ലിങ്കിൽ ലഭിക്കും. ഉത്തരക്കടലാസ് പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ www.mgu.ac.in എന്ന വെബ്സൈറ്റിലെ ’സ്റ്റുഡന്റ് പോർട്ടൽ’ ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
മാർച്ചിൽ ആരംഭിച്ച പരീക്ഷ കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട ലോക്ക്ഡൗണിനെത്തുടർന്ന് മാറ്റിവച്ചു. തുടർന്ന് ജൂണ്‍, ജൂലൈ മാസങ്ങളിലായാണ് നടന്നത്. അതത് ജില്ലയിലുള്ളവർക്ക് അവിടെത്തന്നെ പരീക്ഷയെഴുതാനായി എല്ലാ ജില്ലകളിലും ലക്ഷദ്വീപിലും പ്രത്യേക പരീക്ഷകേന്ദ്രങ്ങൾ അനുവദിച്ചാണ് പരീക്ഷ പൂർത്തീകരിച്ചത്. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിച്ചാണ് മൂല്യനിർണയമടക്കമുള്ള നടപടികൾ പൂർത്തീകരിച്ചതെന്ന് പരീക്ഷ കണ്ട്രോളർ ഡോ. സി.എം. ശ്രീജിത്ത് പറഞ്ഞു. സർവകലാശാല സ്ഥിതി ചെയ്യുന്ന പ്രദേശം കണ്ടെയിൻമെന്റ് സോണായതടക്കം കോവിഡ് വെല്ലുവിളികളെ നേരിട്ടാണ് ഫലം പ്രസിദ്ധീകരിച്ചത്.