കോവിഡ് രോഗികളുടെ വിവര ശേഖരണം : പോലീസ്-റവന്യൂ വകുപ്പുകൾ തമ്മിൽ ആശയക്കുഴപ്പം
Friday, August 14, 2020 12:14 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് രോഗികളുടെ വിവരശേഖരണത്തിൽ പോലീസ്-റവന്യൂ വകുപ്പുകൾ തമ്മിൽ ആശയക്കുഴപ്പം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏതാണ്ടു പൂർണമായും പോലീസിനെ ഏൽപ്പിച്ച നടപടിക്കെതിരെ ജില്ലാ കളക്ടർമാരും ഡോക്ടർമാരുടെ സംഘടനകളും എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെ വിവരശേഖരണത്തിലും കണ്ടെയിൻമെന്റ് സോണുകൾ നിശ്ചയിക്കുന്നതിലും പൂർണാധികാരം ദുരന്ത നിവാരണ അഥോറിറ്റിക്ക് നൽകി റവന്യു പ്രിൻസിപ്പൽ സെക്രട്ടറി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.
കണ്ടെയിൻമെന്റ് സോണുകളുടെ പരിപാലനം മാത്രമാണു പോലിസിന്റെ ചുമതലയെന്നും നിയന്ത്രണങ്ങൾ ഏർപ്പെടുത്തും മുന്പു പ്രദേശത്തെ ജനങ്ങളെ അറിയിക്കണമെന്നും റവന്യൂ സെക്രട്ടറിയുടെ ഉത്തരവിലുണ്ട്.
രോഗികളുടെ സന്പർക്ക പട്ടിക തയാറാക്കുന്നതടക്കമുള്ള കാര്യങ്ങളിൽ പോലിസ് നേതൃത്വം നൽകണമെന്നായിരുന്നു നേരത്തേ ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നത്. ചീഫ് സെക്രട്ടറിയുടെ ഈ ഉത്തരവ് നിലനിൽക്കേയാണ് റവന്യൂ സെക്രട്ടറി പുതിയ ഉത്തരവിറക്കിയത്. എന്നാൽ രോഗികളുടെ ഫോണ് വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ വൈകരുതെന്ന് അറിയിച്ച് ടെലികോം സേവനദാതാക്കൾക്ക് പോലിസ് കത്ത് നൽകി. ടവർ പ്രദേശവും സംസാരിച്ച നന്പരുകളും ഒപ്പം വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.