സ്പീക്കറുടെ പ്രസ്താവന ഭീരുത്വം: രമേശ് ചെന്നിത്തല
Friday, August 14, 2020 11:41 PM IST
തിരുവനന്തപുരം: സ്പീക്കറെ നീക്കാനുള്ള പ്രമേയം നിയമസഭയിൽ എടുക്കില്ലെന്ന സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ പ്രസ്താവന ഭീരുത്വമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 14 ദിവസത്തെ നോട്ടീസ് വേണമെന്ന സാങ്കേതികത്വം പറയുന്നതു ശരിയല്ല. 15 ദിവസത്തെ നോട്ടീസോടെ സഭ വിളിക്കണമെന്ന ചട്ടത്തിൽ മാറ്റം വരുത്തിയപ്പോൾ എങ്ങനെ 14 ദിവസത്തെ നോട്ടീസ് നൽകാൻ സാധിക്കുമെന്ന് അദ്ദേഹം ചോദിച്ചു.
അവിശ്വാസ പ്രമയേവും, സ്പീക്കറെ നീക്കാനുള്ള പ്രമേയവും പ്രതിപക്ഷം അവതരിപ്പിക്കുന്നുണ്ടെന്ന് ഒരു കുറിപ്പിലൂടെ താൻ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. സഭ എത്ര ദിവസം കൂടണം എന്നുള്ളത് സ്പീക്കർക്ക് കാര്യോപദേശക സമിതി വിളിച്ചുകൂട്ടി തിരുമാനിക്കാവുന്നതേയുള്ളു. ഇരുപത്തിനാലിനു സഭ കൂടിക്കഴിഞ്ഞാൽ പിന്നെ ഓണം കഴിഞ്ഞ് മൂന്നാം തീയതി സഭ കൂടാവുന്നതേയുള്ളു.
തിങ്കളാഴ്ച നടക്കുന്ന നിയമസഭ ടിവിയുടെ പരിപാടിയിൽ പ്രതിപക്ഷം പങ്കെടുക്കില്ലെന്നു രമേശ് പറഞ്ഞു. നിയമസഭയുടെ സഭാ ടി വിയോട് എതിർപ്പില്ല. സ്പീക്കർക്കെതിരെ നോട്ടീസ് കൊടുത്ത സാഹചര്യത്തിൽ പ്രതിപക്ഷം അതിൽ പങ്കെടുക്കുന്നത് ശരിയല്ല എന്നത് കൊണ്ടാണ് പങ്കെടുക്കാത്തതെന്നു രമേശ് വിശദീകരിച്ചു.