സ്വപ്നയ്ക്കു മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിര്‍ണായക സ്വാധീനം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
Friday, August 14, 2020 11:41 PM IST
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനു മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിര്‍ണായക സ്വാധീനമുണ്ടെന്ന്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹർജിയില്‍ പറയുന്നു.
സ്വപ്നയെയും സന്ദീപ്, സരിത് എന്നിവരെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു 17 വരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനായി വിട്ടയച്ചു. സ്വപ്നയുമായി അടുത്ത ബന്ധമുള്ള മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കോടതിയില്‍ നല്കിയ കസ്റ്റഡി അപേക്ഷയില്‍ എന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കി.
2018 ഒക്ടോബര്‍ 17 മുതല്‍ 21 വരെ യുഎഇയില്‍ നടത്തിയ സന്ദര്‍ശനം സംബന്ധിച്ചു കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട്. സ്വപ്നയ്ക്കു ഉന്നതരുമായുള്ള ബന്ധത്തെക്കുറിച്ചു കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും നാലു ദിവസത്തേക്കുകൂടി കസ്റ്റഡിയിൽ വേണമെന്നും ഇഡി കോടതിയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ കസ്റ്റഡി ദിവസങ്ങളില്‍ ഇഡിയുടെ നിരീക്ഷണത്തിലുള്ളവരെ സംബന്ധിച്ചു പ്രതികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരുടെ വന്‍ ഗൂഢാലോചനകളെക്കുറിച്ചറിയണമെങ്കില് പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്നും ഇഡി ആവശ്യപ്പെട്ടു. കുറ്റകൃത്യങ്ങള്ക്കൊണ്ട് ലാഭമുണ്ടാക്കിയവരെ സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുന്നതിനു ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.