സ്പീക്കറെ നീക്കണമെന്ന പ്രതിപക്ഷ പ്രമേയം: സാങ്കേതികത്വം പാലിക്കണമെന്നു സ്പീക്കർ
Saturday, August 15, 2020 12:35 AM IST
തിരുവനന്തപുരം: നിയമസഭാ സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം നൽകുന്ന പ്രമേയ നോട്ടീസ് സാങ്കേതികത്വം പാലിച്ചില്ലെങ്കിൽ തള്ളേണ്ടി വരുമെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ചട്ടവും കീഴ്വഴക്കവും പാലിച്ചു 14 ദിവസം മുൻപു നോട്ടീസ് നൽകിയാൽ ഒരു ദിവസം ചേരുന്ന നിയമസഭാ സമ്മേളനത്തിൽ അതനുവദിക്കുന്നതിനു സാങ്കേതികമായി തടസമില്ലെന്നും സ്പീക്കർ പറഞ്ഞു.
സ്പീക്കർക്കെതിരേയുള്ള നോട്ടീസ് ചർച്ച ചെയ്യുന്പോൾ പ്രതിപക്ഷത്തിന്റെ അവിശ്വാസം മാത്രമല്ല, സഭയുടെ ഭൂരിപക്ഷം കൂടി കണക്കിലെടുക്കണം. നോട്ടീസ് ചർച്ചയ്ക്കെടുത്താൽ സ്പീക്കർക്കു തുടരാൻ അർഹതയുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു സ്പീക്കറുടെ മറുപടി.
24നാണ് ധനബിൽ പാസാക്കുന്നതിനായി നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കുന്നത്. സ്പീക്കർക്കെതിരേയുള്ള നോട്ടീസും സർക്കാരിനെതിരേയുള്ള അവിശ്വാസ പ്രമേയവും ഇതുവരെ ലഭിച്ചിട്ടില്ല. നോട്ടീസ് നൽകാൻ സമയം നൽകാതെ ചുരുങ്ങിയ സമയത്തിനുള്ളിൽ നിയമസഭ വിളിച്ചു ചേർത്തത് സ്പീക്കറല്ല. സ്പീക്കർക്ക് അതിൽ റോളില്ല. സർക്കാരിനാണ് സഭ വിളിച്ചു ചേർക്കാനുള്ള അധികാരം.
പ്രതിപക്ഷവുമായി ചർച്ച ചെയ്താണു തീയതി നിശ്ചയിക്കുന്നത്. നിലവിലെ സഭാ ഹാളിനു പിന്നിൽ 24 കസേരകൾ അധികമായി ക്രമീകരിച്ചാണു സാമൂഹിക അകലം പാലിച്ചു സഭ ചേരുക. ജീവനക്കാർ പിപിഇ കിറ്റ് ധരിച്ചു സഭയിലെത്തുമെന്നും സ്പീക്കർ അറിയിച്ചു.